₹4,900 കോടിയുടെ വിദേശ നിക്ഷേപത്തിന് അനുമതി തേടി
ന്യൂഡൽഹി: സിംഗപ്പൂർ കേന്ദ്രമായുള്ള സിംഗ്‌ടെൽ ഉൾപ്പെടെയുള്ള വിദേശ കമ്പനികളിൽ നിന്ന് 4,900 കോടി രൂപയുടെ നിക്ഷേപം വാങ്ങുന്നതിന് ഭാരതി എയർടെൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടി. എയർടെല്ലിന്റെ പ്രമോട്ടർമാരായ ഭാരതി ടെലികോം ആണ് അപേക്ഷ സമർപ്പിച്ചത്. കേന്ദ്രം അനുമതി നൽകിയാൽ, ഭാരതി എയർടെൽ വിദേശ കമ്പനിയായി മാറും.
ഭാരതി എയർടെൽ മേധാവി സുനിൽ ഭാരതി മിത്തലിനും കുടുംബത്തിനും 52 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. 4,900 കോടി രൂപയുടെ വിദേശ നിക്ഷേപമെത്തുന്നതോടെ, ഈ പങ്കാളിത്തം 50 ശതമാനത്തിന് താഴെയാകും. കമ്പനിയിലെ വിദേശ ഓഹരി പങ്കാളിത്തം 50 ശതമാനത്തിന് മുകളിലുമെത്തും. 43 ശതമാനമാണ് നിലവിൽ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. ലക്ഷ്യമിട്ട വിദേശ നിക്ഷേപം ലഭിച്ചാൽ, വിദേശ ഓഹരി പങ്കാളിത്തം 84 ശതമാനമായി ഉയരും.
കമ്പനിയിലെ വിദേശ ഓഹരി പങ്കാളിത്തം 100 ശതമാനമാക്കാനുള്ള അപേക്ഷ ഭാരതി എയർടെൽ നേരത്തേ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. കേന്ദ്രസർക്കാരിന് എ.ജി.ആർ ഇനത്തിൽ 43,000 കോടി രൂപ എയർടെൽ നൽകാനുണ്ട്. ഈ ബാദ്ധ്യതകളിൽ നിന്ന് കരകയറുകയാണ് വിദേശ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.