parasinikadavu-rape-case

മുസഫർപൂർ: ത്രിപുരയിൽ 17കാരിയെ ചുട്ടെരിച്ചതിന് പിന്നാലെ മുസഫർനഗറിൽ മാനഭംഗത്തിനിരയായ 30കാരിക്ക് നേരെ പ്രതികളുടെ ആസിഡ് ആക്രമണം.

പീഡന പരാതി പിൻവലിക്കാൻ തയാറാകാതിരുന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി നാലു പ്രതികളും ചേർന്ന് ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തിയ നാല് പ്രതികൾ കോടതിയിൽ നൽകിയ പീഡനപരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ ആസിഡ് ഒഴിച്ച ശേഷം പ്രതികൾ ഒളിവിൽപോയി. അവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കേസർവ ഗ്രാമത്തിലെ ആരിഫ്, ഷാനവാസ്, ഷരീഫ്, അബിദ് എന്നിവരാണ് ആക്രമിച്ചതെന്ന് യുവതി വെളിപ്പെടുത്തി.

മാനഭംഗ പരാതിയുമായി യുവതി പൊലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതി അന്വേഷിച്ചെങ്കിലും തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

പരിചയം ഫേസ്ബുക്കിലൂടെ

ത്രിപുരയിൽ പ്രതികൾ തീകൊളുത്തിയതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന 17കാരി ഫേസ്ബുക്കിലൂടെയാണ് പ്രതിയായ അജോയിയുമായി സൗഹൃദത്തിലാകുന്നത്. ദീപാവലിയുടെ പിറ്റേന്ന് വിവാഹാലോചനയുമായി അജോയി പെൺകുട്ടിയുടെ വീട്ടിലെത്തി. അജോയിയുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാൾക്കൊപ്പം പോയി. എന്നാൽ അജോയ് പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ആ ദിവസങ്ങളത്രയും അജോയിയും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

 പൊലീസ് സഹായിച്ചില്ല: അമ്മ

പെൺകുട്ടിയെ കാണാതായപ്പോഴും പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോഴും പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് സഹായിച്ചില്ല.

'50,​000 രൂപ ആവശ്യപ്പെട്ടെങ്കിലും 17,​000 രൂപയേ നൽകാനായുള്ളൂ. ബാങ്ക് വഴിയാണ് നൽകിയത്. പണം കുറഞ്ഞതിൽ അജോയ് കുപിതനായിരുന്നു. ഇതറിഞ്ഞ് അജോയിയുടെ വീട്ടിലെത്തിയപ്പോഴാണ് തീപ്പൊള്ളലേറ്റ മകളെ ആശുപത്രിയിൽ എത്തിച്ചതറിഞ്ഞത്. അവിടെ ഗുരുതരാവസ്ഥയിൽ കിടന്ന മകളാണ് അജോയിയും കൂട്ടുകാരും മാനഭംഗം ചെയ്ത വിവരം പറഞ്ഞത്. പലപ്പോഴും ക്രൂര പീഡനത്തിന് അവൾ ഇരയായി. ഭക്ഷണംപോലും നൽകിയിരുന്നില്ല. പണം കൊടുക്കാത്തതിനാൽ തീകൊളുത്തി കൊല്ലാൻ നോക്കിയതാണവർ '- പെൺകുട്ടിയുടെ അമ്മ പറഞ്ഞു.