പാട്ന: മാനഭംഗ - പോക്സോ കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തയയ്ക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കേസ് അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടും. വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു
ഇക്കാര്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തെഴുതാൻ പോവുകയാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിർഭാഗ്യകരവും അത്യന്തം അപലപലനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗ കോടതികളിൽ കെട്ടിക്കിടക്കുന്ന മാനഭംഗ -പോക്സോ കേസുകൾ എത്രയും വേഗം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് ജസ്റ്റിസുമാർക്ക് കത്തെഴുതുമെന്നും അദ്ദേഹം പാട്നയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവന.