ആലപ്പുഴ: നാടിന്റെ വികസന പ്രവർത്തനങ്ങളിലും പദ്ധതികളിലും നിന്ന് വിട്ടുനിൽക്കുന്നതിനു പകരം യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കയർകേരള- 2019ന്റെ സമാപന സമ്മേളനം ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിനോദയാത്രയെന്ന് പ്രതിപക്ഷം പരിഹസിക്കുന്നത് , തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ നിരാശയാണെന്ന് കരുതിയാൽ മതി. വിദേശയാത്രയിൽ ഒരു മണിക്കൂർ പോലും അദ്ദേഹം സ്വകാര്യ ആവശ്യത്തിന് ചെലവഴിച്ചില്ല. നാടിന് വേണ്ടി ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരിനാണിത്. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുടക്കം കൂടാതെ വിതരണം ചെയ്യുന്നു. തൊഴിൽ ദിനങ്ങളുടെ കുറവും മറ്റാനുകൂല്യങ്ങൾ ഇല്ലാതായതും കയർ മേഖലയുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലാക്കി. അടുത്ത വർഷം ചകരി ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടും.ടൂറിസം മേഖലയിലും കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും സാദ്ധ്യത പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കയർ വ്യവസായം ശക്തിപ്പെടുത്തിയാൽ നാട്ടിൽ തൊഴില്ലായ്മ കുറയുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ജി.സുധാകരൻ പറഞ്ഞു. വി.എസ്.സർക്കാർ കൊണ്ടുവന്ന കയർ കേരള പിന്നീട് യു.ഡി.എഫ് സർക്കാരും തുടർന്നത്, കയർ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നതിനാലാണെന്നും സുധാകരൻ പറഞ്ഞു. 399 കോടിയുടെ വിപണി നേടാൻ സാധിച്ചത് കയർ കേരള-2019 ലക്ഷ്യം കണ്ടതിന്റെ തെളിവാണെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി പി. തിലോത്തമൻ പറഞ്ഞു
മന്ത്രി . തോമസ് ഐസക് കയർകേരള-2019 അവലോകനം നടത്തി. ഡോ. എൻ.പത്മകുമാർ അവാർഡ് ദാനം നിർവഹിച്ചു. യു.പ്രതിഭ എം.എൽ.എ, ആനത്തലവട്ടം ആനന്ദൻ, ചെയർമാൻമാരായ സി.ബി.ചന്ദ്രബാബു (കെ.എസ്.ഡി.പി ), പി.പി.ചിത്തരഞ്ജൻ (മത്സ്യഫെഡ്), അഡ്വ. കെ.പ്രസാദ് (കയർ മെഷിനറി മാനുഫാക്ച്ചറിംഗ് കമ്പനി), കെ.കെ.ഗണേശൻ (കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്), . കെ.ആർ.ഭഗീരഥൻ (ഫോംമാറ്റിംഗ്സ്), എൻ.സായികുമാർ (കയർഫെഡ്), കെ.എസ്.പ്രദീപ്കുമാർ (ആട്ടോകാസ്റ്റ്), ഡോ.കെ.ആർ.അനിൽ, സി.സുരേഷ് കുമാർ, പി.വി.ശശീന്ദ്രൻ, പി.എം.ഷാജി, ഡി.ലക്ഷ്മണൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സംസാരിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ സ്വാഗതവും മാനേജിംഗ് ഡയറക്ടർ ജി.ശ്രീകുമാർ നന്ദിയും പറഞ്ഞു.