banana

വാഷിംഗ്ടൺ: ഒരു വാഴപ്പഴത്തിന് വില 85 ലക്ഷംരൂപ. അത് ഒറ്റയടിയ്ക്ക് അകത്താക്കി അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ് കലാകാരനായ ഡേവിഡ് ഡാറ്റുന.

മിയാമി ബീച്ചിലെ ആർട്ട് ബേസിൽ ശനിയാഴ്ച നടന്ന പ്രദർശനത്തിൽ ചുമരിൽ ടേപ്പ്കൊണ്ട് ഒട്ടിച്ചുവച്ച വാഴപ്പഴം ഇൻസ്റ്റലേഷൻ 1,20,000 ഡോളറിന് വിറ്റുപോയെന്ന വാർത്ത ലോകമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മോഹവില നൽകി മൂന്ന് പേർ ചേർന്നാണിത് വാങ്ങിയത്. പ്രദർശനത്തിന് വേണ്ടി മാത്രം എന്ന നിബന്ധനയോടെയായിരുന്നു വിൽപ്പന.

എന്നാൽ പ്രദർശനത്തിന്റെ രണ്ടാമത്തെ ദിവസം വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷൻ വാങ്ങിയ ആളുകൾ രാവിലെ ഗ്യാലറിയിലെത്തി പണം നൽകി. ഇതിന് പിന്നാലെ ഗ്യാലറിയിലെത്തിയ ഡേവിഡ് ഡാറ്റുന ചുമരിൽനിന്ന് ടേപ്പ് മാറ്റി വാഴപ്പഴമെടുത്ത് കഴിക്കുകയായിരുന്നു. ഡാറ്റുനയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കില്ലെന്ന് പെറോട്ടിൻ ഗ്യാലറി വക്താവ് അറിയിച്ചു. ഇൻസ്റ്റലേഷനിലെ വാഴപ്പഴത്തിന്റെ സ്ഥാനത്ത് ​ മറ്റൊരു പഴം സ്ഥാപിച്ച് ഗ്യാലറി അധികൃതർ തടിയൂരി. സംഭവം സന്ദർശകരിൽ ചിരിപടർത്തി.

നിരവധി പരമ്പരകളിലൂടെ പ്രശസ്തനായ ജോർജ്ജിയൻ കലാകാരനാണ് ഡേവിഡ്

 ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരീസിയോ കാറ്റെലൻ ആണ് യഥാർത്ഥ വാഴപ്പഴം ഉപയോഗിച്ച് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. ലോകവ്യവസായമേഖലയുമായി ബന്ധപ്പെട്ട ആശയമാണിതെന്ന് മൗറീസിയോ പറഞ്ഞിരുന്നു. 'കൊമേഡിയൻ' എന്ന പേരിൽ മൂന്ന് എ‍ഡിഷനുകളിലായാണ് കാറ്റെലൻ തയ്യാറാക്കിയ ആർട്ട് വർക്കുകൾ വൻവിലയ്ക്ക് വിറ്റുപോയിരുന്നു. വാഴപ്പഴം മൂന്നാമത്തെ എഡിഷനാണ്. മുമ്പ് ബ്രിട്ടനിൽ നടന്ന പ്രദർശനത്തിൽ മൗരീസിയോയുടെ 'സ്വർണ കക്കൂസ്' ഏറെ ശ്രദ്ധ നേടിയിരുന്നു.