ന്യൂഡൽഹി : ഇന്ത്യ ലോകത്തിലെ ബലാത്സംഗ തലസ്ഥാനമായി മാറിയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ഉന്നാവോ, ഹൈദരാബാദ് കൊലപാതകങ്ങളെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മകളെയും സഹോദരിയെയും സംരക്ഷിക്കാൻ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് വിദേശരാജ്യങ്ങൾ ചോദിക്കുന്നു. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി എം.എൽ.എ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇതിനെതിരെയാണ് സാധ്വി പ്രാചി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ജവഹർലാൽ നെഹ്റു ലൈംഗിക പീഡകനാണെന്ന് സാധ്വി പ്രാചി പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ പീഡകനാണ് നെഹ്റു. രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നശിപ്പിച്ചത് നെഹ്റുവാണെന്നും അവർ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രംഗത്തെത്തി.
ചിലർ മോശം പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയാണെന്നും മാനംഭംഗം പോലുള്ള കുറ്റകൃത്യങ്ങളിൽ രാഷ്ട്രീയത്തിനതീതമായി കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.