ന്യൂഡൽഹി: ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 43 തൊഴിലാളികളാണ് മരിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തങ്ങൾക്കൊന്നിനാണ് തലസ്ഥാന നഗരം സാക്ഷ്യ വഹിച്ചത്. ഫാക്ടറിയിൽ തീ ആളിപ്പടരുന്ന സമയത്ത് കുടുങ്ങി കിടന്ന മുപ്പത്തിനാലുകാരനായ മുഹമ്മദ് മുഷ്‌റഫ് അവസാനമായി ഫോൺവിളിച്ചത് പ്രിയ സുഹൃത്തായ മോനു അഗർവാളിനെയായിരുന്നു. എന്റെ കുടുംബത്തെ സംരക്ഷിക്കണം ‘ ഞാൻ മരിക്കാൻ പോകുന്നു. എല്ലായിടത്തും തീയാണ്, ദയവായി നാളെ ഡൽഹിയിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുക. എല്ലായിടത്തും തീയാണ്, രക്ഷപ്പെടാൻ ഒരു വഴിയുമില്ല’ ഈ തീപിടിത്തത്തിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നായിരുന്നു മുഹമ്മദിന്റെ വാക്കുകൾ.
‘മൂന്നു നാല് നിമിഷങ്ങൾക്കുള്ളിൽ ഞാൻ മരിക്കും. മരിച്ചാലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും. കുടുംബത്തിലെ മുതിർന്ന ആളുകളെ വേണം എന്റെ മരണവിവരം ആദ്യ അറിയിക്കാൻ’– മുഹമ്മദിന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു.
നാല് വർഷം മുൻപാണ് ഡൽഹിയിലെ റാണി ഝാന്‍സി റോഡിലുള്ള ഫാക്ടറിയിൽ മുഷ്റഫ് അലി ജോലിയിൽ പ്രവേശിച്ചത്. ഭാര്യയും മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മുഷ്റഫിനുള്ളത്.
പുലർച്ചെ അഞ്ചരയോടെയാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളിൽ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ബിഹാർ, യു.പി സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരായിരുന്നു ഏറെയും. കെട്ടിടത്തിന്റെ ഉടമ റെഹാനെ ഡൽഹി പൊലീസ് വൈകിട്ട് അറസ്റ്റു ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടിട്ടുണ്ട്.