തിരുവനന്തപുരം : ആദ്യം ടോസ് നഷ്ടപ്പെട്ടു, പിന്നെ കൈയിലിരുന്ന കളിയും. ഇന്നലെ നിറഞ്ഞ ഗാലറിയിൽ നിന്നുള്ള നിലയ്ക്കാത്ത ആരവങ്ങളുടെ പിന്തുണയിലും കാര്യവട്ടത്തെ ആദ്യ തോൽവി ഏറ്റുവാങ്ങി വിരാട് കൊഹ്ലിയുടെ ഇന്ത്യ.
ആരാധകർ പ്രതീക്ഷിച്ച സഞ്ജു സാംസണും ബാറ്റ്സ്മാൻമാർ പ്രതീക്ഷിച്ച ബൗൺസും ഇല്ലാതിരുന്ന കാര്യവട്ടത്തെ പിച്ചിൽ വിൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ നിശ്ചിത 20 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 170 റൺസ്. വിൻഡീസ് 18.3 ഒാവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇതോടെ മൂന്ന്മത്സര പരമ്പര 1-1 ന് സമനിലയിലായി. ക്യാച്ചുകൾ കൈവിട്ട് സഹായിച്ച ഇന്ത്യൻ ഫീൽഡർമാർക്കൊപ്പം അർദ്ധസെഞ്ച്വറി നേടിയ ലെൻഡൽ സിമ്മോൺസും (67) 40 റൺസ് നേടി ഒാപ്പണിംഗിൽ 73 റൺസിന്റെ പങ്കാളിത്തം നൽകിയ ലെവിസും 38 റൺസുമായി പുറത്താകാതെ നിന്ന പുരാനും വിൻഡീസിന് വിജയം സമ്മാനിക്കുകയായിരുന്നു.
യുവ ആൾ റൗണ്ടർ ശിവം ദുബെയുടെ (30 പന്തിൽ 54 റൺസ്) അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ആരാധകരെ രസിപ്പിച്ചത്. ഋഷഭ് പന്ത് 22 പന്തുകളിൽ 33 റൺസുമായി പുറത്താകാതെ നിന്നു. രോഹിത് ശർമ്മ (15), കെ.എൽ. രാഹുൽ (11), ക്യാപ്ടൻ വിരാട് കൊഹ്ലി (19), ശ്രേയസ് അയ്യർ (10), രവീന്ദ്ര ജഡേജ (9), വാഷിംഗ്ടൺ സുന്ദർ (0) എന്നിവർക്കൊന്നും ആരാധകർ പ്രതീക്ഷിച്ച ബാറ്റിംഗ് വിരുന്ന് സമ്മാനിക്കാനായില്ല. സഞ്ജുവിന് ഫീൽഡിംഗിൽ പകരക്കാരനാകാൻ മാത്രമാണ് അവസരം ലഭിച്ചത്.