ഫുട്ബോൾ ലോകകപ്പ് കാണാൻ ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട മൂന്ന് പേരുടെ ബ്രസിലിലേക്കുള്ള യാത്രയാണ് 'ബാക്ക് ടു മരക്കാന'.
ദാമ്പത്യ ജീവിതത്തിലും ബിസിനസ്സിലും പരാജയമായ റോബർട്ടോ മകനായ ഇറ്റായിയെയും കൂട്ടി വൃദ്ധനായ അച്ഛൻ സാമുവലിനോടൊപ്പം ഇസ്രായേലിൽ താമസമാക്കാൻ പോകുകയാണ്. റോബർട്ടോയും സാമുവലും മിക്ക കാര്യങ്ങളിലും എതിരഭിപ്രായം പ്രകടിപ്പിക്കുമെങ്കിലും എല്ലാം മറന്ന് അവർ ഒന്നിക്കുന്നത് ഫുട്ബോളിന്റെ കാര്യത്തിലാണ്. ഇറ്റായിക്ക് ഫുട്ബോളിനോട് യാതൊരു വിധ താത്‌പര്യങ്ങളുമില്ല. 2014ലെ ഫുട്ബോൾ ലോകകപ്പ് നടക്കുന്ന സമയത്താണ് കഥ നടക്കുന്നത്. ഫുട്ബോൾ ഭ്രാന്ത് കയറി തനിക്ക് ആകെയുള്ള സമ്പാദ്യത്തിൽ സാമുവൽ കളി കാണാൻ ജന്മനാട് കൂടിയായ ബ്രസീലിലേക്ക് മകനും കൊച്ചുമകനുമൊത്ത് യാത്ര തിരിക്കുന്നു. ചിത്രം ബ്രസീലിലെത്തി കഴിഞ്ഞ് ഒരു റോഡ് മൂവിയുടെ സ്വഭാവത്തിലേക്ക് മാറും.
ഫുട്ബോളാണ് കഥാപശ്ചാത്തലമെങ്കിലും ബാക്ക് ടു മരക്കാന കുടുംബബന്ധത്തിന്റെ കഥയാണ്. മുന്ന് തലത്തിൽ ചിന്തകളും അഭിപ്രായങ്ങളുമുള്ള മൂന്ന് തലമുറയിൽ പെട്ടവർ പരസ്പരം അടുക്കുന്ന യാത്ര കൂടിയാണിത്. ഈ റോഡ് മൂവി മൂവർക്കും തിരിച്ചറിവിന്റെ വൈകാരിക യാത്രയാണ്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അസഫ് ഗോൾഡ്‌സ്റ്റെയിൻ, അന്റോണിയോ പെട്രിൻ, റോം ബാർണീയ തുടങ്ങിയവരാണ്. ഹിബ്രുവിലും പോർച്ചുഗീസിലും ഇംഗ്ളിഷിലുമായി എഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യോർഗെ ഗുർവിച്ചാണ്.
ഐ.എഫ്.എഫ്.കെയിൽ വേൾഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.