yeddyurappa

ബംഗളൂരു: എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്ന് കർണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറുന്നു. ഇപ്പോൾ 12 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ടിടത്ത് ലീഡ് നിലനിറുത്തുന്നു. കോണ്‍ഗ്രസ് കോട്ടകളില്‍ പോലും വിമതരായി ബി.ജെ.പിയിലെത്തിയവര്‍ മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുകയാണ്. ഹൊസൂർ, ശിവാജി നഗർ മണ്ഡ‍ലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. കൃഷ്ണരാജ് പേട്ടാണ് ജെ.ഡി.എസ് ലീഡ് ചെയ്യുന്ന ഏക മണ്ഡലം. ഒരു മണ്ഡലത്തിൽ ബി.ജെ.പി വിമതനാണ് ലീഡ് ചെയ്യുന്നത്. ഉച്ചയോടെ മുഴുവൻ ഫലവും അറിയാനാകും. നാലുമാസം പ്രായമുള്ള ബി.ജെ.പി സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നതിനാൽ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.

225 അംഗ നിയമസഭയിൽ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായത്. അയോഗ്യരാക്കിയവരിൽ രണ്ട് എം.എൽ.എമാരുടെ കേസിൽ തീർപ്പായിട്ടില്ല. അതിനാൽ 223 അംഗ നിയമസഭയിൽ 112 പേരുടെ പിന്തുണ ആവശ്യമാണ്. ആറ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചില്ലെങ്കിൽ സർക്കാരിന് നിലനിൽക്കാനാവില്ല. നിലവിൽ കോൺഗ്രസിന് 66 സീറ്റും ജെ.ഡി.എസിന് 34സീറ്റുമാണ് ഉള്ളത്.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിൽ കനത്ത പൊലീസ് സുരക്ഷയൊരുക്കി. എക്സിറ്റ് പോളുകൾ പ്രകാരം ബി.ജെ.പി 12 സീറ്റു നേടുമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ യെദിയൂരപ്പയ്ക്ക് വെല്ലുവിളിയില്ലാതെ ഭരണത്തിൽ തുടരാം. കാലാവധി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബി.ജെ.പി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ആറ് സീറ്റു ലഭിച്ചില്ലെങ്കിൽ ജെ.ഡി.എസിന്റെ നിലപാട് നിർണായകമാകും. ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.