marriage

ബിജ്നോർ: വിവാഹത്തിന് വൈകിയെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് വധു. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിവാഹത്തിന് വരനും കൂട്ടരും വേദിയിലെത്തിയത് രാത്രി. വരനെത്തിയെങ്കിലും വിവാഹം വേണ്ടെന്നുവച്ച് യുവതി അയൽവാസിയെ വിവാഹം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.

വിവാഹം നിശ്ചയിച്ചിരുന്ന യുവാവും യുവതിയും ആറാഴ്ച മുമ്പ് ഒരു സമൂഹ വിവാഹച്ചടങ്ങിൽ വച്ച് വിവാഹിതരായിരുന്നു. ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി ഔദ്യോഗികമായ വിവാഹച്ചടങ്ങുകൾ നടത്തണമെന്ന് ബന്ധുക്കൾ ആഗ്രഹിച്ചതിനാലാണ് വീണ്ടും വിവാഹം നടത്താൻ തീരുമാനിച്ചത്.

സ്ത്രീധനത്തെ ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചതാണ് അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം. കൂടുതൽ പണം നൽകില്ലെന്ന് യുവതിയുടെ ബന്ധുക്കൾ നിലപാടെടുക്കുകയായിരുന്നു. അസ്വാരസ്യങ്ങൾക്കിടയിൽ വരൻ വൈകുക കൂടി ചെയ്തതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി.

തന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാർ പൂട്ടിയിട്ട് മർദ്ദിച്ചതിനാലാണ് വിവാഹ വേദിയിലെത്താൻ വൈകിയതെന്നാണ് വരൻ നൽകിയ വിശദീകരണം. പൊലീസ് ഇടപെട്ടതോടെ കുടുംബങ്ങൾ ഒത്തുതീർപ്പിന് തയാറായി. എന്നാൽ വരനൊപ്പം പോകില്ലെന്ന് യുവതി വാശിപിടിച്ചു. തുടർന്ന് അയൽവാസിയെ വിവാഹം ചെയ്യുകയായികയായിരുന്നു.