temple-

ഗുരുവായൂർ: ഏകാദശി തിരക്കിനിടെ മോഷ്ടാക്കളുടെ വിളയാട്ടം. പലരുടെയും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പാലക്കാട് കവളപ്പാറ സ്വദേശിനിയായ ഭക്തയുടെ മൂന്നര പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നെന്മാറ സ്വദേശി പുഷ്പയുടെ ഒന്നേ കാൽ പവൻ വരുന്ന മാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. തൃശൂർ കുരിയച്ചിറ കാരാത്തെ വീട്ടിൽ ലളിതയുടെ 3000 രൂപയടങ്ങിയ പഴ്സ് ക്ഷേത്രം കൊടിമരത്തിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ക്ഷേത്രം കൊടിമരത്തിന് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ വാനിറ്റി ബാഗിന്റെ അരികുഭാഗത്തെ സിബ്ബ് തുറന്ന് പഴ്സ് മോഷ്ടിക്കുകയായിരുന്നു. തൊഴുത ശേഷം കൊടിമരത്തിന് മുന്നിൽ നിന്ന് മാറിയപ്പോഴാണ് പഴ്സ് നഷ്ടമായ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ക്ഷേത്രം മാനേജരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും അറിയിച്ചു. മറ്റു പലരുടെയും പഴ്സും പണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.