തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായിരുന്നു ഞായറാഴ്‌ച. പ്രേക്ഷകർ ഏറെ അവേശത്തോടെ കാത്തിരുന്ന 'മായിഘട്ട് ക്രൈം നമ്പർ 103/2005' ഇന്നലെ പ്രദർശനത്തിനെത്തി . ഉദയകുമാർ എന്ന ചെറുപ്പാക്കാരനെ മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഉരുട്ടികൊലപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച സംഭവങ്ങളിലൊന്നാണ്. അതിന്റെ തനത് ആവിഷ്‌കാരമാണ് ആനന്ദ് മഹാദേവൻ എന്ന സംവിധായകൻ 'മായിഘട്ട് ക്രൈം നമ്പർ 103/2005'ലൂടെ ഒരുക്കിയത്. മായിഘട്ടിലൂടെ ഒരമ്മയുടെ ദുഖത്തെയും പൊലീസിന്റെ അക്രമവാസനയെയും തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്ന് ആനന്ദ് മഹാദേവൻ പറഞ്ഞു.
കേരളകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിന്ന്
കേരളത്തിലെ ഒരു വിഷയം മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയതിന് കാരണം എന്താണ്?
അവിടെ എനിക്ക് ഇൻഫ്രാസ്‌ട്രക്‌ചർ ഉണ്ടായിരുന്നു. വളരെ യൂണിവേഴ്‌സൽ സബ്‌ജക്‌ടാണിത്. ഒരു ഇന്റർനാഷണൽ സബ്‌ജക്‌ട്. പിന്നെ ഇവിടെയും ചില പ്രശ്‌നങ്ങൾ ഉണ്ട്. പടത്തിന് ഒരു പ്രൊഡ്യൂസറെ പെട്ടെന്ന് കിട്ടാൻ പ്രയാസമായിരുന്നു. നമ്പി നാരായണന്റെ ജീവിതം മോഹൻലാൽ സാറിനെ വച്ച് ഞാൻ പ്ളാൻ ചെയ്‌തിരുന്നു. പക്ഷേ പ്രൊഡ്യൂസറെ കിട്ടിയില്ല. എന്നാൽ മഹാരാഷ്‌ട്രയിൽ അതിൽ നിന്നെല്ലാം വിഭിന്നമായി ഒരു സ്‌റ്റെപ്പ് ബ്രദർലി സ്വീകരണം ലഭിച്ചു. മോഹിനി ഗുപ്‌ത എന്ന പ്രൊഡ്യൂസർ 15 മിനിട്ടിനുള്ളിൽ ഓകെ പറഞ്ഞു, മൂന്ന് മാസത്തിനുള്ളിൽ പടം റെഡിയായി. മലയാളത്തിൽ ഒരു നിർമ്മാതാവിനെ കിട്ടിക്കഴിഞ്ഞാൽ തീർച്ചായും ഇവിടെ ഞാൻ സിനിമ ചെയ്യും. എനിക്കൊരു മലയാളം പടം വേണം. ഐ വാന്റ് ടു ഡു ദിസ്.
നമ്പിനാരായണന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുമ്പോൾ അതും മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള താരം തയ്യാറായിട്ടും നിർമ്മിക്കാൻ ആളില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
നമ്പി നാരായണൻ സാറിന്റെത് അങ്ങനെയൊരു കൊമേഴ്‌സ്യൽ ചിത്രമല്ല. അങ്ങനെ ഒരു ഫോർമുല കഥല്ല അത്. വളരെയധികം പ്രത്യേകതകളുള്ള, സ്പേസ് ടെക്‌നോളജിയുടെ കഥയാണത്. ഇവിടെയുള്ളവർക്ക് പണം ഉണ്ടാക്കുക എന്ന ചിന്ത മാത്രമേയുള്ള. അന്തർദേശീയ തലങ്ങളിൽ നമ്മുടെ സിനിമയ്‌ക്കുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് അവർ ബോധവാന്മാരല്ല. കേരളത്തിൽ മാത്രമല്ല എല്ലായിടത്തെയും അവസ്ഥ ഇതു തന്നെയാണ് പ്രത്യേകിച്ച് ഹിന്ദി ചിത്രങ്ങളിൽ.
ദൂരദർശനിൽ മികച്ച സീരിയലുകൾക്ക് പിന്നിൽ പ്രവർത്തിച്ച ചരിത്രമാണ് താങ്കളുടെത്. ആ ഒരു കാലഘട്ടത്തിൽ നിന്ന് ഇന്ത്യൻ സീരിയൽ ഇൻഡസ്‌ട്രിക്ക് ഉണ്ടായ മാറ്റങ്ങൾ?
വളരെ ദൂഷ്യവത്തായ മാറ്റമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 1980, 90 കാലഘട്ടങ്ങളിലെല്ലാം മികച്ച സീരിയലുകളിൽ നിർമ്മിക്കാൻ കഴിഞ്ഞിരുന്നു. സിനിമാ നിർമ്മാതാക്കളാണ് അന്ന് സീരിയലുകൾ നിർമ്മിച്ചിരുന്നത്. ഇന്ന് പക്ഷേ അത്തരത്തിൽ സീരിയലുകൾ ഉണ്ടാകുന്നില്ല. ഉണ്ടെങ്കിൽ തന്നെ അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ജനത്തിന് അറിയാൻ കഴിയുന്നില്ല.
മലയാളിയാണ് തൃശൂരാണ് സ്വദേശവും. അവിടെ നിന്ന് ഇന്ത്യൻ സിനിമയിലേക്കുള്ള യാത്ര എങ്ങനെ ആയിരുന്നു?
അതൊരു ലോജിക്കൽ പ്രോഗ്രഷൻ ആയിരുന്നു. ആദ്യം തിയേറ്റർ (നാടകം) ആയിരുന്നു. പിന്നീട് ടെലിവിഷൻ, അതുകഴിഞ്ഞ് സിനിമയിലേക്ക്. സിനിമയിൽ തന്നെ അഭിനയമായിരുന്നു ആദ്യം. പിന്നീട് ഡയറക്‌ഷനിലേക്കും എഡിറ്റിംഗിലേക്കും തിരിഞ്ഞു. സത്യത്തിൽ ഒരു എഡ്യുക്കേഷൻ പ്രോസസ് ആയിരുന്നു എന്റേത്.
എങ്ങനെ വിലയിരുന്നു ഇത്തവണത്തെ കേരള രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിനെ?
ഐ.എഫ്.എഫ്.കെ എന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം വീട്ടിലേക്ക് വരുന്നത് പോലെയാണ്. ഇവിടെ ഇത് എന്റെ മൂന്നാമത്തെ ചിത്രമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം ഫെസ്‌റ്റിവലുകളിൽ ഒന്നാണ് ഐ.എഫ്.എഫ്.കെ. എന്റെ സിനിമകൾ ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു എന്നതിൽ തന്നെ ഞാൻ അഭിമാനം കൊള്ളുന്നു.