ഉന്നവോ: പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയുടെ പരാതി സ്വീകരിക്കാൻ വിസമ്മതിച്ച് പൊലീസ്. ഉത്തർപ്രദേശിലെ ഉന്നാവോയിലെ ഹിന്ദ്പൂരിലാണ് സംഭവം. പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, തന്നെ അപമാനിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു.
മൂന്ന് യുവാക്കൾ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയുമായി മൂന്ന് മാസം മുമ്പാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യം വനിതാ ഹൈൽപ് ലൈൻ നമ്പറായ 1090 ൽ വിളിച്ചപ്പോൾ 100ൽ വിളിക്കാൻ ആവശ്യപ്പെട്ടു. 100ൽ വിളിച്ചപ്പോൾ പരാതി നൽകാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്.
മൂന്ന് മാസത്തോളം സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പരാതിപ്പെടാൻ ശ്രമിച്ചതിന് പീഡിപ്പിക്കാൻ ശ്രമിച്ചവർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുവതി പറയുന്നു. 2019ൽ മാത്രം 86 പീഡനക്കേസുകളാണ് ഉന്നാവോയിൽ റിപ്പോർട്ട് ചെയ്തത്.