
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി 20 മത്സരം കാണാനെത്തിയവരിൽ നിന്ന് പാർക്കിംഗ് കൊള്ള. മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്,കാര്യവട്ടം ബി.എഡ് കോളേജ്, എൽ.എൻ.സി.പി ക്യാംപസ് എന്നിവടങ്ങളിലാണ് സൗകര്യം ഒരുക്കിയത്. ഇവിടെ വാഹനങ്ങളുമായി എത്തിയവരിൽ നിന്ന് അധികൃതർ പണം ഈടാക്കുകയായിരുന്നു. ക്രിക്കറ്റ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ടുള്ള ഒരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
കഴിഞ്ഞ തവണ തികച്ചും സൗജന്യമായിരുന്നു പാർക്കിംഗ്. എന്നാൽ ഇന്നലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ അധികൃതർ 100 രൂപയും കാറുമായി വന്നവരിൽ നിന്ന് 250 രൂപയുമാണ് ഈടാക്കിയത്. യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറുടെ പേരിലായിരുന്നു പണം പിരിച്ചത്.

അതേസമയം, വണ്ടി മോഷണം പോയാലോ കേടുപാടുകൾ സംഭവിച്ചാലോ ഉത്തരവാദിത്തം ഇല്ലെന്ന് പണം നൽകിയ ശേഷം സംഘാടകർ നൽകിയ റസീറ്റിൽ അധികൃതർ പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. പാർക്കിംഗ് കൊള്ളയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
