ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. മഹാരാഷ്ട്രയിലെ അർദ്ധരാത്രി നാടകങ്ങൾക്കൊടുവിൽ ബി.ജെ.പിക്ക് തീർച്ചയായും ആഹ്ലാദിക്കാവുന്നതാണ് കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന 15-ല്‍ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ജെ.ഡി.എസിനാകട്ടെ ഒരു സീറ്റിൽ പോലും പിടിച്ചു നിൽക്കാനായില്ല. കൂടാതെ തിരഞ്ഞെടുപ്പ് നടന്നവയില്‍ ഒരു സീറ്റ് പോലും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റല്ല എന്നതാണ് ശ്രദ്ധേയം.
യെദിയൂരപ്പ സര്‍ക്കാരിന് അധികാരം നിലനിറുത്താന്‍ ആറ് സീറ്റുകൾ മാത്രമായിരുന്നു വിജയിക്കേണ്ടിയിരുന്നത്. എന്നാൽ, അത് ഇരട്ടിയായി ജനം നൽകി. ഇനി യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഉറച്ചിരിക്കാം. ഭരണം നിലനിറുത്താനായാല്‍ പാര്‍ട്ടിക്കുളളിലും തന്റെ ശക്തി തെളിയിക്കാന്‍ ബി.ജെ.പിക്കാവും.
ഒരിടത്ത് ബി.ജെ.പി വിമതനായി മത്സരിച്ച സ്വതന്ത്രന്‍ ശരത് കുമാര്‍ ബച്ചെഗൗഡയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി എത്തിയ എം.ടി.ബി.നാഗരാജിനെ ഹൊസെകോട്ടയിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശിവാജി നഗറിലും ഹുനസുരുവിലുമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ശിവാജി നഗര്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും ഹുനസുരു ജെ.ഡി.എസിന്റെ സിറ്റിംഗ് സീറ്റുമായിരുന്നു.
225 അംഗ നിയമസഭയിൽ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായത്. അയോഗ്യരാക്കിയവരിൽ രണ്ട് എം.എൽ.എമാരുടെ കേസിൽ തീർപ്പായിട്ടില്ല. അതിനാൽ 223 അംഗ നിയമസഭയിൽ 112 പേരുടെ പിന്തുണയായിരുന്നു ആവശ്യം. ആറ് ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചില്ലെങ്കിൽ സർക്കാരിന് നിലനിൽക്കാനാവില്ലായിരുന്നു. നിലവിൽ കോൺഗ്രസിന് 66 സീറ്റും ജെ.ഡി.എസിന് 34സീറ്റുമാണ് ഉള്ളത്.
എന്നാൽ, ഉപതിരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകളക്കം ബി.ജെ.പിക്ക് ഇപ്പോള്‍ സഭയില്‍ 118 പേരുടെ അംഗബലമായി. നേരത്തെ 106 എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പമുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച ബി.ജെ.പിയുടെ 11 സ്ഥാനാർത്ഥിഥികളും കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും കൂറുമാറി എത്തിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രിസ്ഥാനവും ലഭിക്കും. അടുത്ത ദിവസം തന്നെ യെദിയൂരപ്പ മന്ത്രിസഭാ വികസനം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതിനിടെ തോല്‍വി സമ്മതിച്ചെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചെന്നും കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ 15 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ ജനവിധി ഞങ്ങള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. കൂറുമാറ്റക്കാരെ ജനം സ്വീകരിച്ചിരിക്കുകയാണ്. ഞങ്ങള്‍ തോല്‍വി സമ്മതിച്ചിരിക്കുന്നു. ഞങ്ങള്‍ക്കു വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.