bacurav

2019 കാൻ ഫിലിം ഫെസ്റ്റിവലിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമ പുരസ്കാരമായ palm d'Or നു വേണ്ടി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് Kleber Mendonca Filho, Juliano Dornelles എന്നിവർ സംവിധാനം ചെയ്ത ബക്കുറവ്. കാനിൽ ജൂറി പുരസ്‌കാരവും ഈ ചിത്രം നേടി. സങ്കൽപ ഭാവിയിൽ ബ്രസീലിൽ സൃഷ്ടിക്കപ്പെട്ട ഗ്രാമമാണ് ബക്കുറവ്‌ . നഗരത്തിന്റെ തിരക്കുകളിലും കാപട്യങ്ങളിലും നിന്നെല്ലാം മാറി ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരുകൂട്ടം നല്ലവരായ മനുഷ്യരാണ് ഇവിടെ ഗ്രാമത്തിൽ ഉള്ളത്. അവിടെ എല്ലാത്തരം ആൾക്കാരും ഉണ്ട്. വർണ്ണവിവേചനം ഒന്നുമില്ലാതെ എല്ലാവരും ഒന്നായി കഴിയുന്നു. പലതരം സംസ്കാരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ബക്കുറവ്.

അധികാരികൾ ഇലക്ഷൻ സമയങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്നു. ജനങ്ങൾക്ക് ഒരു തരത്തിലുമുള്ള സൗകര്യങ്ങളും ലഭ്യമാക്കാൻ ഒരു അധികാരിയും ഇതുവരെയും ശ്രമിച്ചിട്ടില്ല. അതിനാൽ വോട്ടു ചോദിച്ചു വരുന്നവരെ ആട്ടി ഓടിക്കുകയാണ് ബക്കുറവ്‌ നിവാസികൾ ചെയ്തിരുന്നത്. അവർ എന്നും ഒറ്റക്കെട്ടായിരുന്നു. സന്തോഷമായാലും സങ്കടമായാലും.

പെട്ടെന്ന് ചില അപ്രതീക്ഷിത കാര്യങ്ങൾ സംഭവിക്കുന്നു. രാത്രിയിൽ അടുത്തുള്ള ഫാമിലെ കുതിരകൾ പരിഭ്രാന്തരായി ഓടി ബക്കുറവിൽ എത്തിച്ചേരുന്നു, വെള്ളവുമായി വന്നിരുന്ന വണ്ടിയിൽ ബുള്ളറ്റുകൾ തറച്ചതിന്റെ അടയാളങ്ങൾ, ഇതെല്ലാം ആയിരുന്നു തുടക്കം. പൊടുന്നനെ ബക്കുറവിൽ മൊബൈൽ സിഗ്നലുകൾ ഇല്ലാതാകുന്നു. ബക്കുറവ്‌ മുഴുവനും മറ്റൊരു കണ്ണിന്റെ നിരീക്ഷണത്തിലായിരുന്നു. ഭൂപടത്തിൽ നിന്ന് പോലും ബക്കുറവ് അപ്രത്യക്ഷമാകുന്നു.

George Orwell ന്റെ '1984'- ൽ "the big brother is watching you" എന്ന് പറയുന്നത് ബക്കുറവ് ജനതയെ സംബന്ധിച്ച് സത്യമാകുന്നു. അവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച് വിവരം നൽകുവാൻ ഒരു സാറ്റലൈറ്റ് ബക്കുറവിനു മുകളിൽ സദാ കറങ്ങുന്നു.

അധികം വൈകാതെ തന്നെ ഗ്രാമത്തിലെ ഓരോരുത്തരായി കൊല്ലപ്പെടുന്നു. ഇതിനൊന്നും കാരണങ്ങൾ അറിയാതെ നിസ്സഹായനായി നിൽക്കുന്ന മനുഷ്യർ. ഗ്രാമം വിട്ട് പുറത്തുകടക്കാൻ ശ്രമിക്കുന്ന ദമ്പതികളുടെയും ഒരു കൊച്ചു കുട്ടിയുടെയും മരണത്തോടുകൂടി കഥയുടെ ഗതി മാറുന്നു.

ഗ്രാമത്തിന് പുറത്ത് തമ്പടിച്ചിരിക്കുന്ന ചില അമേരിക്കക്കാരനാണ് ബക്കുറവിനെ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നത്. ഗ്രാമം ഒഴിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി അവർ പുറംലോകമറിയാതെ ഗ്രാമത്തെ കുഴിച്ചുമൂടാൻ ഒരുങ്ങുന്നു.

എന്നാൽ അവരുടെ പ്രതീക്ഷകളെ മറികടന്ന് അപരിഷ്കൃതർ എന്ന് അവർ വിളിച്ചിരുന്ന ഗ്രാമവാസികൾ തിരിച്ചടിക്കാൻ തുടങ്ങി. സിനിമയുടെ അവസാന പതിനഞ്ച് മിനിറ്റ്കളിൽ കാണികളെ ഞെട്ടിക്കുന്ന ഒട്ടനവധി സീനുകളാണ് സിനിമയിലുള്ളത്. അവരെ നശിപ്പിക്കാൻ എത്തിയ എല്ലാ അമേരിക്കൻ വേട്ടക്കാരെ യും കൊന്നുതള്ളി സ്വന്തം സ്വത്വത്തെ വീണ്ടെടുക്കുകയായിരുന്നു ബക്കുറവ്‌.

അധികാരത്തിനും വിഭവങ്ങൾക്കും വന്ന വേട്ടക്കാരനെ ഭക്ഷണം നൽകാതെ സ്വയം കുഴിച്ചുമൂടിയും അഴിമതിക്കാരനായ മേയറെ അർദ്ധ നഗ്നനാക്കി കഴുത പുറത്തിരുത്തി ഗ്രാമത്തിൽ നിന്നും പുറം തള്ളിയും ആണ് ഭൂപടത്തിൽ ഇല്ലാത്ത ഒരു ജനത അവരുടെ ഭൂമിയും സംസ്കാരവും തിരിച്ചുപിടിക്കുന്നത്. അന്യവൽക്കരിക്കപ്പെട്ട യും അധികരിക്കുകയും ചെയ്യപ്പെടുന്ന ജനത അതിന്റെ അവസാനഘട്ടത്തിൽ എങ്ങനെ പ്രതിരോധിക്കും എന്ന് അടയാളപ്പെടുത്തുന്നതാണ് ഈ സിനിമ.