amit-shah

ന്യൂഡൽഹി: ദേശീയ പൗരത്വ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. മൂന്നരയ്ക്ക് ശേഷമാണ് പൗരത്വ നിയമഭേദഗതി ബില്ലിൽ ചർച്ച ആരംഭിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ മേശപ്പുറത്ത് വെച്ചത്. 293പേർ ബിൽ അവതരണത്തെ അനുകൂലിച്ചും 82 പേർ എതിർത്തും വോട്ട് ചെയ്തു.

അതേസമയം,​രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിന്റെ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. .001 ശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ല ബിൽ എന്ന് അരോപണത്തിന് അമിത് ഷാ മറുപടി നൽകി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകാമെന്നും,​ ആരും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ദിരാഗാന്ധി 1974ൽ ബംഗ്ളാദേശിൽ നിന്ന് വന്നവർക്ക് മാത്രം പൗരത്വം നല്കിയത് എന്തിനായിരുന്നുവെന്ന് അമിത് ഷാ ചോദിച്ചു. 'മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തിയത് കോൺഗ്രസാണ്. സ്വാതന്ത്ര്യത്തിന് ശേഷം മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇത്തരത്തിലൊരു ബില്ലിൻറെ ആവശ്യം വരില്ലായിരുന്നു'- അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്റെ മതേതരഘടനക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൂടാതെ മുസ്ലീം ലീഗ് എം.പി. പി.കെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം.പി. സൗഗത റോയ്, അസറുദ്ദീന്‍ ഒവൈസി തുടങ്ങിയവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.