ഇന്ന് മനുഷ്യാവകാശദിനം
--------
മനുഷ്യാവകാശങ്ങൾ ഏറെ ധ്വംസിക്കപ്പെട്ട രണ്ട് ലോക മഹായുദ്ധങ്ങൾക്കു ശേഷമാണ് 1948 ൽ മനുഷ്യാവകാശ പ്രഖ്യാപനം നടത്താൻ ഐക്യരാഷ്ട്ര സംഘടന തീരുമാനമെടുത്തത്. ദേശം, ഭാഷ, വംശം, ജാതി, മതം തുടങ്ങി എല്ലാ വ്യത്യസ്തതകൾക്കും അതീതമായി എല്ലാവർക്കും തുല്യമായ മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന പ്രഖ്യാപനം 1948 ഡിസംബർ 10 ന് നടന്ന ഐക്യരാഷ്ട്ര പൊതുസഭയിൽ ഉണ്ടായി. ലോകത്തെ അഞ്ഞൂറിലധികം ഭാഷകളിലേക്ക് ഈ പ്രഖ്യാപനം തർജമ ചെയ്തിട്ടുണ്ട്. ഈ പ്രഖ്യാപനത്തിന്റെ ഓർമ പുതുക്കലാണ് മനുഷ്യാവകാശ ദിനം.
മനുഷ്യാവകാശങ്ങൾ ധ്വംസിക്കുന്നതിൽ ഭരണകൂടം തന്നെ പങ്കു വഹിക്കുകയോ, സംരക്ഷണം നൽകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷത്തെ മനുഷ്യാവകാശ ദിനം കൂടുതൽ പ്രസക്തമാവുകയാണ്. ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സംരക്ഷണം തന്നെയാണ് ഏറ്റവും വലിയ പ്രചോദനമാകുന്നത്. ഭരണകൂടത്തിലെ സുപ്രധാന സ്ഥാനങ്ങളിലുള്ളവരുടെ മൗനം മനുഷ്യാവകാശ ലംഘനങ്ങൾക്കു വലിയ പ്രചോദനമാവുകയാണ്. അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി താമസിക്കുന്നവരിൽ ഒരു മതവിഭാഗത്തിൽ പെട്ടവരെ മാത്രം ഒഴിവാക്കി പൗരത്വം നൽകുന്ന ദേശീയ പൗരത്വ നിയമം ഈ ആശങ്ക കൂട്ടുന്നതിനിടയാക്കും.
സ്ത്രീകൾ, ദളിതുകൾ, മതന്യൂനപക്ഷങ്ങൾ എന്നിവർ വലിയ തോതിൽ ക്രൂശിക്കപ്പെടുകയാണ്. ഈ വിഭാഗങ്ങൾ ഇത്രയേറെ ആശങ്കയിലും അരക്ഷിതാവസ്ഥയിലുമായ മറ്റൊരു കാലമില്ല. ഉന്നാവോയിൽ ഭരണകൂടത്തിന്റെ പച്ചയായ നീതിനിഷേധവും കുറ്റവാളികളെ സംരക്ഷിക്കലുമാണ് ക്രൂരമായ സംഭവങ്ങൾക്കു വഴിതെളിച്ചത്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, അവരെ കൊലപ്പെടുത്തുകയും ചെയ്തു. ഒന്നാം ഉന്നാവോ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാനും ഇരയേയും ബന്ധുക്കളെയും കൊലപ്പെടുത്താനും സർക്കാർ സംവിധാനം തന്നെ മുന്നിൽ നിന്നതാണ് രണ്ടാം ഉന്നാവോ സംഭവത്തിന് കാരണമായത്. ഒരു ഘട്ടത്തിൽ പോലും അക്രമികളെ അപലപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല.
സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിക്കുന്ന അപകടകരമായ അവസ്ഥയുമുണ്ടാകുന്നു. ഭരണകൂടം നടത്തുന്ന അത്യന്തം അപകടകരമായ അത്തരം നടപടികൾ ന്യായീകരിക്കപ്പെടുന്നു. തെലങ്കാനയിൽ അതാണ് കണ്ടത്. അവിടെ പ്രതികളെ വെടിവച്ചുകൊന്ന പൊലീസിന് അനുകൂലമായ മുദ്രാവാക്യം വിളികളും മിഠായി വിതരണവും കണ്ടു. ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന ദളിത്, ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികളോട് ഭരണകൂടവും ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും കാട്ടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും വർധിച്ചുവരികയാണ്. സർവകലാശാലകളിലുള്ള പീഡനവും താങ്ങാനാവാത്ത ഫീസ് വർദ്ധനയും ഈ വിഭാഗത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഭരണകൂട വിചാരം തലക്കുപിടിച്ച ചിലരുടെ സാന്നിധ്യമാണ് മദ്രാസ് ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ ഫാത്തിമ ലത്തീഫിനെപ്പോലുള്ള മിടുക്കരായ വിദ്യാർത്ഥികളുടെ ആത്മഹത്യക്കിടയാക്കിയത്.
മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനും അതിന്റെ പ്രാധാന്യം ജനമനസുകളിൽ ശക്തമായി എത്തിക്കാനും കേവലം രാഷ്ട്രീയ ഇടപെടൽ കൊണ്ട് മാത്രം കഴിയില്ല. സാംസ്കാരിക മേഖലയിലെ അതിശക്തമായ ഇടപെടൽ വേണം. സമൂഹത്തിന്റെ താളം തെറ്റുന്നതിനെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന ബുദ്ധിജീവികളും മനുഷ്യാവകാശ ധ്വംസനങ്ങൾ നേരിടേണ്ടി വരുന്നു. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ളവരുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ചിന്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.
ഗാന്ധിജിയുടെ രക്തസാക്ഷ്യത്വത്തിന്റെ എഴുപതാം വാർഷികവും 150-ാം ജന്മവാർഷികവും ബദൽ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ ആചരിച്ചത്. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കാനും ഈ സന്ദർഭം ഉപയോഗിച്ചു. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല ; വിളംബരത്തിന്റെ നൂറാം വാർഷികവും ഉന്നതമായ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനുമുള്ള അവസരമാക്കി.
മനുഷ്യജീവിതം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശ ലംഘനങ്ങൾ പോലുള്ള അധമ പ്രവർത്തനങ്ങൾ വ്യാപിക്കുകയാണ്. അതിന് ഭരണകൂടത്തിന്റെ സംരക്ഷണം കൂടി ലഭിക്കുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിൽ ഇക്കൊല്ലത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എല്ലാവരും ഉൾക്കൊള്ളേണ്ടതാണ്.
(നിയമ വകുപ്പ് മന്ത്രിയാണ് ലേഖകൻ)