
ന്യൂഡൽഹി: സ്വകാര്യ കമ്പനി ജീവനക്കാർക്ക് ഇനി കെെയിൽ കിട്ടുന്ന ശമ്പളം കൂടാൻ സാദ്ധ്യത. രാജ്യത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ പ്രോവിഡന്‍റ് ഫണ്ട് വിഹിതം കുറയ്ക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതോടെ സ്വകാര്യ കമ്പനി ജീവനക്കാർക്ക് കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ദ്ധിക്കും. പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കുന്ന സാമൂഹ്യ സുരക്ഷാ ബിൽ 2019-ന്‍റെ ഭാഗമായാണ് പി.എഫ് വിഹിതം കുറയ്ക്കുന്ന നിർദേശം സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
പി.എഫ് വിഹിതം കുറയ്ക്കുന്നതോടെ കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ശമ്പളത്തിന്‍റെ 12 ശതമാനമാണ് ജീവനക്കാരിൽനിന്ന് പ്രോവിഡന്‍റ് ഫണ്ടിലേക്ക് പിടിക്കുന്നത്. എന്നാൽ, തൊഴിലുടമ അടയ്ക്കുന്ന പി.എഫ് വിഹിതത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സാമൂഹ്യ സുരക്ഷ ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഗ്രാറ്റുവിറ്റി ഉറപ്പാക്കുന്ന വ്യവസ്ഥയും ബില്ലിൽ ഉണ്ട്. ഇ.പി.എ.ഫ്ഒ വരികാർക്ക് ദേശീയ പെൻഷൻ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ വ്യക്തമാക്കുന്നു. 1972-ലെ പേമെന്‍റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് പ്രകാരം ഒരു കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്നവർക്കായിരുന്നു ഗ്രാറ്റുവിറ്റി ലഭിക്കുക.