മുംബയ് : ശിവസേനാ മുൻ നഗരസഭാംഗം കമലാകർ ജാംസാൻഡേക്കറെ കൊലപ്പെടുത്തിയ കേസിൽ അധോലോക തലവനും മുൻ എം.എൽ.എയുമായ അരുൺ ഗാവ്‌ലിക്കറിന്റെ ജീവപര്യന്തം ശിക്ഷ മുംബയ് ഹൈക്കോടതി ശരിവച്ചു. കേസുമായി ബന്ധപ്പെട്ട് 2008ൽ അറസ്റ്റ് ചെയ്തത് മുതൽ ജയിലിലാണ് ഗാവ്‌ലി. 2012 ൽ പ്രത്യേക വിചാരണ കോടതി വിധിച്ച ശിക്ഷയാണ് തിങ്കളാഴ്ച ഗാവ്‌ലിയുടെ അപ്പീൽ പരിഗണിക്കവെ ജസ്റ്റിസുമാരായ ബി.പി. ധർമധികരിയും സ്വപ്ന ജൊആഹിയും ശരിവച്ചത്. ഗാവ്‌ലിക്കൊപ്പം കൂട്ടുപ്രതികളുടെ ശിക്ഷയും കോടതി ശരിവച്ചു.
2008ലാണ് 30 ലക്ഷം രൂപ പണം വാങ്ങി ശിവസേനാ മുൻ നഗരസഭാംഗം കമലാകർ ജാംസാൻഡേക്കറെ അരുൺ ഗാവ്‌ലിയുടെ കൂട്ടാളികൾ വധിക്കുന്നത്. സാഹബ്‌റാവു ഭിന്താഡെ, ബാലാ സുർവെ എന്നിവരാണ് കൊലപാതകം നടത്താൻ കരാർ നൽകിയത്. കെട്ടിടനിർമാണത്തിൽ കമലാകറിന്റെ എതിരാളികളായിരുന്നു ഇരുവരും. ഭിന്താഡെ, സുർവെ എന്നിവരും ഗാവ്‌ലിയും ചേർന്ന് ഗൂഢാലോചന നടത്തി. തുടർന്ന് കമലാകറെ വധിക്കാൻ ഗാവ്‌ലി തന്റെ സംഘത്തിനു നിർദേശം നൽകുകയായിരുന്നു. 2008 മാർച്ചിൽ ഘാട്‌കോപ്പറിലെ വീട്ടിലായിരുന്നു കൊല നടത്തിയത്. 2008 മേയിൽ ഗാവ്‌ലിയെ അറസ്‌റ്റുചെയ്‌തു. 2010 ഒക്‌ടോബറിൽ മോക്ക നിയമപ്രകാരം കുറ്റപത്രം നൽകി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജാ തക്കറെയാണു കേസ് വാദിച്ചത്. ഗാവ്‌ലിക്കുവേണ്ടി സുദീപ് പസ്‌ബോല ഹാജരായി. അഖിൽ ഭാരതീയ സേനയെ മുൻനിറുത്തി ഗാവ്‌ലി ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്‌തെന്നും വധശിക്ഷ നൽകണമെന്നും തക്കറെ ആവശ്യപ്പെട്ടു. എന്നാൽ രാഷ്‌ട്രീയ വൈര്യത്തിന്റെ പേരിലാണു കലമാകറെ വധിച്ചതെന്നും പണത്തിനല്ലെന്നും ഗാവ്‌ലിയുടെ അഭിഭാഷകൻ വാദിച്ചു.
തുടർന്ന് 2012 ൽ മോക്ക കോടതി ജഡ്‌ജി പൃഥ്വിരാജ് ചവാൻ ഗാവ്‌ലിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗാവ്‌ലിക്കു ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യം എന്നീ കുറ്റങ്ങൾക്കു പത്തുവർഷം തടവു വേറെയും വിധിച്ചു. എന്നാൽ ‘വെറും 30 ലക്ഷം രൂപ’യ്‌ക്കു കൊല നടത്തേണ്ട ആവശ്യം തനിക്കില്ലെന്നായിരുന്നു ഗാവ്‌ലിയുടെ വാദം. 2007ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്കു കേവല ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ തന്റെ പാർട്ടിയായ അഖിൽ ഭാരതീയ സേനയിലെ നാല് അംഗങ്ങളാണു പിന്തുണ നൽകിയതെന്ന വാദവും ഗാവ്‌ലി ഉന്നയിച്ചു. 2008 ൽ അറസ്റ്റിലായ ഗാവ്‌ലി അന്നു മുതൽ നാഗ്പൂർ ജയിലിലാണ്. 2015 ൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാത്രമാണ് 28 ദിവസത്തെ പരോൾ അനുവദിച്ചിരുന്നത്.