train-
ട്രെയിൻ

കോഴിക്കോട്: ക്രിസ്‌മസും പുതുവർഷവും പ്രമാണിച്ച് കേരളത്തിന് രണ്ടു സ്പെഷ്യൽ ട്രെയിനുകളിലായി 12 സർവീസ് അനുവദിച്ചു. ലോകമാന്യതിലക് - കൊച്ചുവേളി - ലോകമാന്യതിലക് പ്രതിവാര സ്പെഷ്യലും പൂനെ ജംഗ്‌ഷൻ - എറണാകുളം ജംഗ്‌ഷൻ - പൂനെ ജംഗ്‌ഷൻ പ്രതിവാര ഹംസഫർ സ്പെഷ്യലുമാണ് ഓടിക്കുക.

ലോകമാന്യതിലക് - കൊച്ചുവേളി സ്പെഷ്യൽ ഡിസംബർ 21, 28, ജനുവരി 4 തീയതികളിൽ പുലർച്ചെ 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി-ലോകമാന്യതിലക് ട്രെയിൻ ഡിസംബർ 22, 29, ജനുവരി 5 തീയതികളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് ലോകമാന്യതിലകിൽ എത്തും.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ‌ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ നിറുത്തും. 3 തേർഡ് എ.സി, 14 സ്ളീപ്പർ കോച്ച്, 4 ജനറൽ കമ്പാർട്ട്മെന്റ് ഉൾപ്പെടെ 23 കോച്ചുകളുണ്ടാവും.

പൂനെ ജംഗ്‌ഷൻ - എറണാകുളം ജംഗ്‌ഷൻ ഹംസഫർ സ്പെഷ്യൽ ട്രെയിൻ ഡിസംബർ 23, 30, ജനുവരി 6 തീയതികളിൽ രാത്രി 7.55ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 12.15ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്‌ഷൻ - പൂന ജംഗ്‌ഷൻ ഹംസഫർ സ്പെഷ്യൽ ഡിസംബർ 25, ജനുവരി 1,8 തിയതികളിൽ രാവിലെ 5.30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20ന് പൂനയിൽ എത്തും. ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പ്.