chakkulam-kavu
CHAKKULAM KAVU

ആലപ്പുഴ: സ്ത്രീകളുടെ ശബരിമലയെന്ന് പുകൾപെറ്റ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല സമർപ്പിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പൊങ്കാല ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിക്കും. ദേവസ്വം കമ്മിഷണർ ഹർഷൻ മുഖ്യാതിഥി ആയിരിക്കും. മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവിയെ ശ്രീകോവിലിൽ നിന്നെഴുന്നുള്ളിച്ച് പണ്ടാര അടുപ്പിന് സമീപമെത്തുമ്പോൾ പൊങ്കാലയ്‌ക്ക് തുടക്കം കുറിച്ചുകൊണ്ട് രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും.

11ന് 500 ൽ അധികം വേദ പണ്ഡിതരുടെ മുഖ്യ കാർമ്മികത്വത്തിൽ പൊങ്കാല നിവേദിക്കും. തുടർന്ന് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്രപരിസരങ്ങൾ കൂടാതെ 70 കി.മി. ചുറ്റളവിൽ ഭക്തർ പൊങ്കാലയർപ്പിക്കും. കേരളത്തിനകത്തും പുറത്തും നിന്നുമായി 15 ലക്ഷത്തോളം ഭക്തർ പൊങ്കാലയിടാനെത്തുമെന്ന് മണിക്കുട്ടൻ നമ്പൂതിരി പറഞ്ഞു.

വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യാതിഥിയായിരിക്കും. കേരളത്തിൽ നിന്ന് ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എം.പിയായ കേശവം അനിൽ പിള്ളയെ ആദരിക്കും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്‌തംഭത്തിൽ അഗ്നി പകരും.
ക്ഷേത്രത്തിലെ പന്ത്റണ്ടു നോയമ്പ് ഉത്സവം 17 മുതൽ 28 വരെ നടക്കും. 20ന് നടക്കുന്ന നാരീപൂജ ബിന്ദു മനോജ് ശ്രീശൈലം ഉദ്ഘാടനം ചെയ്യും. 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും.

 'ഹരിത" പൊങ്കാല

പരിസ്ഥിതി മലിനീകരണം തടയാൻ പൊങ്കാലയ്ക്‌ക് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കും. പ്ലാസ്റ്റിക്ക് ഗ്ലാസ്, പ്ളേറ്റ്, കുപ്പി മുതലായവ ഒഴിവാക്കും. സ്റ്റീൽ പ്ളേറ്റിലും ഗ്ളാസിലും മാത്രമേ ഭക്ഷണവും കുടിവെള്ളവും നൽകൂ. വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് ഒട്ടനവധി ഭക്തരെത്തിയിട്ടുണ്ട്.

 പാർക്കിംഗ് സൗകര്യം

ചെങ്ങന്നൂർ മുതൽ തകഴി വരെ ഇന്ന് പാർക്കിംഗിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂൾ മൈതാനത്തും ജെ.ജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിലും കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ല മുനിസിപ്പിൽ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ളവ തിരുവല്ല, എടത്വ, കോയിൽമുക്ക് കെ.എസ്.ഇ.ബി സബ്‌ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിട്ടി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചൽസ് സ്‌കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യാം.