sbi

ന്യൂഡൽഹി: വായ്‌പ തേടുന്നവർക്ക് ആശ്വാസം പകർന്ന് എസ്.ബി.ഐ വായ്‌പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാ‌ർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) വീണ്ടും കുറച്ചു. തുടർച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ, നിരക്ക് കുറയ്ക്കുന്നത്.

ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ ആണ് എസ്.ബി.ഐ കുറച്ചത്. മറ്റ് കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആറിലും നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമില്ല. എട്ട് ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി ഒരുവർഷ വായ്‌പയുടെ പലിശ കുറഞ്ഞു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ഇതോടെ, ഈവർഷം ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആറിലുണ്ടാവുന്ന കുറവ് 0.49 ശതമാനമാണ്. കഴിഞ്ഞമാസം 0.05 ശതമാനം ഇളവ് എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു.

ഈവർഷം ആദ്യ ഏഴുതവണയും എസ്.ബി.ഐ എം.സി.എൽ.ആർ നിരക്ക് താഴ്‌ത്തിയത് റിസർവ് ബാങ്ക് റിപ്പോനിരക്ക് തുടർച്ചയായി കുറച്ച പശ്ചാത്തലത്തിലാണ്. എന്നാൽ, ഈമാസം ആദ്യം പ്രഖ്യാപിച്ച ധനനയത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എങ്കിലും, എം.സി.എൽ.ആറിൽ ഇളവ് വരുത്താൻ എസ്.ബി.ഐ തീരുമാനിക്കുകയായിരുന്നു.

7.90%

ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ എട്ട് ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി എസ്.ബി.ഐ കുറച്ചു.