ഹൈദരാബാദ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണത്തിന്
ആന്ധ്രാപ്രദേശ് സർക്കാർ ഒരുങ്ങുന്നു. മാനഭംഗക്കേസുകളിൽ അന്വേഷണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുകയും വിചാരണ 21 ദിവസത്തിനകം പൂർത്തിയാക്കി വധശിക്ഷ നടപ്പാക്കുകയും ചെയ്യണമെന്നതാണ് നിർദ്ദേശം. ഈ നിർദ്ദേശങ്ങളടങ്ങിയ ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. അതേസമയം, ഇത്രയും കുറ്റം തെളിയിക്കാനും ശിക്ഷ വിധിക്കാനും ചുരുങ്ങിയ കാലയളവ് പ്രായോഗികമാണോയെന്നതും നിയമപരമായി നിലനിൽക്കുമോ എന്നതും സംശയം ഉയർത്തുന്നു.
പ്രതികളുടെ മരണം
നെഞ്ചിൽ വെടിയേറ്റ്
ഹൈദരാബാദിൽ പൊലീസ് വെടിവച്ച് കൊന്ന ദിശ കൊലക്കേസ് പ്രതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്നാണ് റിപ്പോർട്ടിലുള്ളത്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുൺട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും വെടിയേറ്റു.
കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ വെളളിയാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങൾ മഹബൂബനഗർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സർക്കാർ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലയിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ അന്വേഷണത്തിന് പൊലീസ് കമ്മിഷണർ മഹേഷ് ഭഗവത് തലവനായി എട്ടംഗ സംഘത്തെ സർക്കാർ നിയോഗിച്ചു.