sip

മുംബയ്: ഓഹരി സൂചികകൾ റെക്കാഡ് ഉയരം താണ്ടിയതിന്റെ പിൻബലത്തിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഇക്വിറ്റി മ്യൂച്വൽഫണ്ട് നേരിട്ടത് വൻ നിക്ഷേപനഷ്‌ടം. നവംബറിൽ ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒക്‌‌ടോബറിലെ 6,026.38 കോടി രൂപയിൽ നിന്ന് 1,311 കോടി രൂപയായാണ് കുറഞ്ഞത്. 78 ശതമാനമാണ് നഷ്‌ടം. നവംബർ‌ അവസാനവാരം സെൻസെക്‌സും നിഫ്‌റ്റിയും സർവകാല റെക്കാഡ് ഉയരം കുറിച്ചിരുന്നു.

സെൻസെക്‌സ് 41,130 പോയിന്റിലേക്കും നിഫ്‌റ്റി 12,151 പോയിന്റിലേക്കുമാണ് കുതിച്ചുകയറിയത്. ഓഹരി സൂചികകൾ മുന്നേറുമ്പോൾ നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുക്കുന്നതാണ് തിരിച്ചടിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി. സെൻസെക്‌സും നിഫ്‌റ്റിയും കനത്ത തകർച്ച നേരിടുമ്പോഴേ ഇനി നിക്ഷേപത്തിൽ ഉണർവുണ്ടാകൂ. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ ലഭിക്കുമെന്നതാണ് കാരണം.

മ്യൂച്വൽ ഫണ്ടുകൾ വഴി മൾട്ടിക്യാപ്പ് ഓഹരികളിലേക്കുള്ള (മൾട്ടിക്യാപ്പ് ഫണ്ട്‌സ്) നിക്ഷേപം നവംബറിൽ 1,311 കോടി രൂപയിൽ നിന്ന് വെറും 181.14 കോടി രൂപയിലേക്ക് താഴ്‌ന്നു. ലാർജ്/മിഡ്ക്യാപ്പ് ഫണ്ടുകളിൽ നിന്ന് 252 കോടി രൂപയും സെക്‌ടറൽ ഫണ്ടുകളിൽ നിന്ന് 636.55 കോടി രൂപയും കൊഴിഞ്ഞു.

എസ്.ഐ.പിക്ക്

നല്ല പ്രിയം

തവണവ്യവസ്ഥകളിലൂടെ മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കാവുന്ന സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാനുകൾക്ക് (എസ്.ഐ.പി) നവംബറിലും മികച്ച സ്വീകാര്യത ലഭിച്ചു. 8,272 കോടി രൂപയാണ് ഈയിനത്തിൽ നവംബറിൽ ഒഴുകിയ നിക്ഷേപം. ഇത് സർവകാല റെക്കാഡാണ്. ഒക്‌ടോബറിൽ നിക്ഷേപം 8,245 കോടി രൂപയായിരുന്നു. സെപ്‌തംബറിൽ 8,263 കോടി രൂപയും ലഭിച്ചു.

2.94 കോടി

നവംബറിലെ കണക്കുപ്രകാരം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 2.94 കോടിയാണ്. നവംബറിൽ മാത്രം 5.33 ലക്ഷം പുതിയ അക്കൗണ്ടുകൾ ചേർക്കപ്പെട്ടു. എസ്.ഐ.പി മുഖേന മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) 3.12 ലക്ഷം കോടി രൂപയാണ്. ഒക്‌ടോബറിൽ ഇത് 3.03 ലക്ഷം കോടി രൂപയായിരുന്നു.

₹27.01 ലക്ഷം കോടി

എസ്.ഐ.പികളും ഒറ്റത്തവണ നിക്ഷേപങ്ങളും ഉൾപ്പെടെ മ്യൂച്വൽഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) നവംബറിൽ 27.01 ലക്ഷം കോടി രൂപയിലെത്തി. ഒക്‌ടോബറിൽ എ.യു.എം 26.32 ലക്ഷം കോടി രൂപയായിരുന്നു. നവംബറിൽ മാത്രം 54,419 കോടി രൂപ വർ‌ദ്ധിച്ചു.