തിരുവനന്തപുരം: ഒരുപക്ഷേ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന, ഇന്ത്യയ്ക്കും - പാകിസ്ഥാനും ഇടയിലെ കീറാമുട്ടിയായ കാശ്‌മീരിലെ അറിയാക്കഥകളെ മുഖ്യപശ്ചാത്തലമാക്കി ബംഗാളി സംവിധായകനായ അശ്വിൻ കുമാർ സംവിധാനം ചെയ്ത 'നോ ഫാദേഴ്‌സ് ഇൻ കാശ്‌മീർ' 24ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നലെ പ്രേക്ഷക - നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. 'പ്രത്യാശയും ക്ഷമിക്കാനുള്ള മനസുമാണ് മാനവരാശിയുടെ നിലനിൽപിന്റെ ആണിക്കല്ലെന്ന സന്ദേശമാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
കാണാതായ തന്റെ പിതാവിനെ തേടി ബ്രിട്ടനിൽ നിന്ന് കാശ്‌മീരിലെത്തുന്ന നൂറ എന്ന കൗമാരക്കാരിയുടെയും അവിടെവച്ച് അവളുടെ സുഹൃത്താകുന്ന മജീദിന്റെയും ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം.രണ്ടു പേരുടെയും പിതാക്കന്മാർ കാശ്‌മീരിൽ ദുരൂഹസാഹചര്യത്തിൽ കാണാതായവരാണ്. ഇത്തരത്തിൽ കാണാതായ 14 വയസുള്ള കുട്ടികൾ മുതൽ 40 വയസ് വരെയുള്ള നിരവധിപേരുടെ 'ദുർവിധി'യുടെ ഒടുക്കം തേടിയുള്ള അന്വേഷണമാണ് സിനിമ. കാശ്‌മീരിലുള്ളത് അർദ്ധഭാര്യമാരും അർദ്ധ വിധവകളുമാണെന്ന സത്യം ഓർമ്മിപ്പിക്കുന്ന സിനിമ, ഭരണശക്തിയുടെ പിൻബലത്തിൽ അടിച്ചമർത്തപ്പെടുന്ന വാസ്തവങ്ങളിലേക്കും മിഴിതുറക്കുന്നു. മാനുഷികതയെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടിയുള്ള തികച്ചും സന്തുലിതമായ തിരക്കഥയാണ് സിനിമയുടേത്. കാശ്‌മീരിന്റെ വശ്യസൗന്ദര്യത്തിനൊപ്പം സംഘർഷം അവശേഷിപ്പിച്ച മുറിപ്പാടുകളും സിനിമയിലുടനീളം പ്രകടമാണ്.
കാശ്‌മീരിൽ നടക്കുന്ന ക്രൂരതകളെ മറച്ചുവച്ച് മുഖ്യധാര മാദ്ധ്യമങ്ങൾ ദേശസ്‌നേഹത്തിന്റെ കാവലാളുകളാകുന്ന സ്ഥിതിയാണുള്ളതെന്ന് അശ്വിൻ പിന്നീട് പറഞ്ഞു.ഭൂമിയിലെ സ്വർഗമായ കാശ്‌മീരിന്റെ ഉള്ള് പക്ഷേ, അതിരഹസ്യമായി ഇന്നും തുടരുകയാണ്. അതിനാൽ തന്നെ അത്തരമൊരു പ്രമേയത്തെ ബിഗ് സ്ക്രീനിലേക്ക് പറിച്ചുനട്ടപ്പോൾ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ വലുതാണെന്നും അശ്വിൻ വെളിപ്പെടുത്തി.ഒമ്പത് മാസക്കാലമെടുത്ത ഷൂട്ടിംഗായിരുന്നു ഏറ്റവും ക്ളേശകരം. വിദേശ സാങ്കേതിക പ്രവർത്തകർ കൂടി ഉണ്ടായിരുന്നതിനാൽ ബുദ്ധിമുട്ടേറി. സെൻസർ ബോർഡിന്റെ ഇടപെടൽ വേണ്ടുവോളം ഉണ്ടായതിനാൽ തന്നെ സിനിമയിൽ മുറിച്ചുമാറ്റലുകളുടെ ഘോഷയാത്രയായിരുന്നു. നിസാര കാരണങ്ങളുടെ പേരിലാണ് പല രംഗങ്ങളും ബോർഡ് നീക്കിയത്. ഇത്തരം പണികൾ ചെയ്യുന്ന സെൻസർ ബോർഡ് പിരിച്ചുവിടണമെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്.കൗമാരക്കാരായ ശിവം റെയ്‌ന മജീദിനെയും സാറാ വെബ്ബ് നൂറയെയും അവതരിപ്പിച്ചിരിക്കുന്നു.
അശ്വിൻ കുമാർ
'ലിറ്റിൽ ടെററിസ്റ്റ്' എന്ന ചിത്രത്തിലൂടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌കാർ നോമിനേഷൻ നേടിയ സംവിധായകനാണ് അശ്വിൻ. ഇരുന്നൂറിലധികം മേളകളിൽ നിന്നായി 24 അവാർഡുകൾ നേടി. കാശ്‌മീരിനെക്കുറിച്ചുള്ള ഇൻഷാഅള്ളാ, ഫുട്‌ബോൾ, ഇൻഷാഅള്ളാ കാശ്‌മീർ എന്നിവയിലൂടെ രണ്ടുതവണ ദേശീയ അവാർഡ് ജേതാവായ അദ്ദേഹം റോഡ് ടു ലഡാക്ക്, ഡെയ്‌സ്ഡ് ഇൻ ഡൂൺ, ദി ഫോറസ്റ്റ് എന്നിവയും ഒരുക്കി. നാടക സംവിധായകനായി തുടങ്ങിയ അശ്വിൻ 1996ൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും ആരംഭിച്ചു. യൂറോപ്യൻ ഫിലിം അക്കാഡമിയിലെ വോട്ടിംഗ് അംഗവുമാണ് അശ്വിൻ.