ലക്നൗ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമ കേസുകളുടെ വിചാരണയ്ക്കായി 218 അതിവേഗ കോടതികൾ കൂടി സ്ഥാപിക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച നിർദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. യു.പിയിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച 42,389 കേസുകളും സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 25,749 കേസുകളുമാണ് വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുതായി സ്ഥാപിക്കുന്ന 218 അതിവേഗ കോടതികളിൽ 144 എണ്ണത്തിൽ സ്ത്രീകൾക്കെതിരായ മാനഭംഗക്കേസുകൾ അടക്കമുള്ളവയും 74 കോടതികൾ പോക്‌സോ കേസുകളും പരിഗണിക്കും. മാനഭംഗക്കേസുകൾ പരിഗണിക്കാൻ നിലവിൽ സംസ്ഥാനത്ത് 81 അതിവേഗ കോടതികൾ ഉണ്ട്. അതിവേഗ കോടതികളിലേക്കായി 281 അഡിഷണൽ സെഷൻസ് ജഡ്ജിമാരുടെയും കോടതി ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിക്കും. പുതിയ കോടതികൾ സ്ഥാപിക്കാനുള്ള ചെലവിന്റെ 60 ശതമാനം തുക
കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. ഓരോ കോടതികൾക്കും 75 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അതിവേഗ കോടതികൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതെന്ന് നിയമ മന്ത്രി ബ്രജേഷ് പതങ്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിവേഗം കോടതികൾ
ചെലവ്