തെലങ്കാന: ഹൈദരാബാദിൽ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികൾ കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്ന റിപ്പോർട്ട് പുറത്ത്. പ്രതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇവരുടെ തോക്ക് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പരസ്പരമുണ്ടായ വെടിവെപ്പിനിടെ പ്രതികൾ കൊല്ലപ്പെട്ടുവെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം പ്രതികളുടെ മൃതദേഹങ്ങൾ വെളളിയാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നാല് പ്രതികളുടെയും മൃതദേഹങ്ങൾ മഹബൂബനഗർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സർക്കാർ വ്യാഴാഴ്ച വരെ സമയം തേടിയിട്ടുണ്ട്.
ഏറ്റുമുട്ടൽ കൊലയിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. അതിനിടെ ഏറ്റുമുട്ടൽ കൊലയിൽ അന്വേഷണം നടത്താന്‍ പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് തലവനായി എട്ടംഗ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ഏറ്റുമുട്ടൽ സാഹചര്യം അന്വേഷിച്ച് സംഘം സർക്കാരിനും കോടതിക്കും റിപ്പോർട്ട് നൽകും