ബാലെ നർത്തകിയും അദ്ധ്യാപികയുമായിരുന്ന പാക്കററ്റ് വിരമിച്ചതിനു ശേഷവും തന്റെ കഴിവിൽ അകമഴിഞ്ഞ വിശ്വാസം പ്രകടിപ്പിക്കുന്നയാളാണ് പാക്കററ്റ്. തന്റെ നഗരമായ റുസ്സോസിന്റെ ഇരുനൂറാം വാർഷികാഘോഷം പ്രമാണിച്ച് വേദിയിൽ ബാലെ അവതരിപ്പിതിപ്പിക്കണമെന്ന് അവർക്ക് തീവ്രമായ ആഗ്രഹമുണ്ട്. എന്നാൽ പാക്കററ്റിന്റെ നൃത്തം കാണാൻ ആർക്കും വലിയ താത്‌പര്യമില്ല. എന്നിരുന്നാലും വിട്ടു കൊടുക്കാൻ പാക്കററ്റ് ഒരിക്കലും തയ്യാറല്ലായിരുന്നു.
പണ്ട് ബാലെ പ്രകടനങ്ങളിലൂടെ നിരവധി പേരുടെ മനം കവർന്ന പാക്കററ്റ് വിരമിച്ചതിനു ശേഷവും ആൾക്കാർ തന്നെ പണ്ടത്തെ പോലെ വിലമതിക്കണം എന്ന് കൊതിക്കുന്നു. കാലച്ചക്രം മുന്നോട്ട് നീങ്ങിയതൊന്നും ഉൾക്കൊള്ളാൻ അവർ തയ്യാറല്ല. ആൾക്കാരുടെ ശ്രദ്ധ നേടാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും പരിഹാസമായിരുന്നു പാക്കററ്റിനെ തേടിയെത്തിയത്. തന്റേതായ ചില ചിട്ടകളെ ഭ്രാന്ത് പോലെ കൊണ്ടു നടക്കുന്ന ഒരു വ്യക്തി കൂടിയാണ് അവർ. ഈ സ്വഭാവം മൂലം യുവതലമുറയിലുള്ളവർ പാക്കററ്റിനെ ചൊടിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവർക്കും തന്നോട് അസൂയയാണ് എന്നാണ് ആ സ്ത്രീ വിചാരിക്കുന്നത്. തന്റെ അരിശം മുഴുവൻ വീട്ടിലുള്ള സഹോദരിയോടും സഹായിയോടും പിന്നെ ഇഷ്ടമില്ലാത്തവരോടൊക്കെ പാക്കററ്റ് പ്രകടിപ്പിക്കും.
എറെ ദുഃഖിതയായി തന്റെ സഹോദരിയോട് പാക്കററ്റ് മനസു തുറക്കുന്നു. ഒരിടത്ത് വച്ച് പാക്കററ്റ് തന്റെ സഹോദരി ഇപ്പോൾ കൂടെയില്ലെന്നും ഇത്ര നാളും താൻ കണ്ടത് തന്റെ മാത്രം ചിന്തകളാണെന്നുമുള്ള തിരിച്ചറിവിലേക്കെത്തുന്നു. എപ്പോഴും ഒച്ച വച്ച് നടന്നിരുന്നു ആ സ്ത്രീ പൊടുന്നനെ ഒരു വാക്ക് പോലും മിണ്ടാതെയാകുന്നു. അപ്പോൾ അവർക്ക് കൂട്ടാകുന്നത് വഴിയിൽ വച്ച് കൂടെ കൂടിയ ഒരു നായക്കുട്ടിയായിരുന്നു.
നഗരത്തിന്റെ വാർഷികാഘോഷങ്ങൾ പുറത്തു നടക്കുമ്പോൾ പാക്കററ്റും നായക്കുട്ടിയും അസ്വസ്ഥരാണ്. സ്ഥിരം ശൈലിയിൽ പാക്കററ്റ് നാട്ടുകാരോട് ഒച്ച വയ്ക്കുന്നു. തന്റെ ചിന്തകൾ യാഥാർത്ഥ്യമാകുന്ന ലോകത്തിലേക്ക് പോകുന്ന പാക്കററ്റിനെയാണ് ചിത്രത്തിന്റെ ഒടുവിൽ കാണാനാകുക. അവിടെ അവർ വേദിയിൽ പണ്ടത്തെ പോലെ തന്നെ ബാലെയിലൂടെ വിസ്മയം തീർക്കുന്നു.
മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ബ്രസീലിയൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അല്ലൻ ഡെബെർട്ടനാണ്. ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് ബെറ്രോ മാർട്ടിൻസ്. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം നടത്തിയിരിക്കുന്ന ചിത്രത്തിൽ പാക്കററ്റായി വെള്ളിത്തിര നിറയുന്നത് മാർസീലിയ കർട്ടാഷോയാണ്. ഐഎഫ്എഫ്കെ 2019ൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.