loan1

ന്യൂഡൽഹി: ചെറുകിട സംരംഭകർക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ ഈവർഷം നവംബർ ഒന്നുപ്രകാരം 10.24 ലക്ഷം കോടി രൂപയുടെ വായ്‌പ നൽകിയെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ പറഞ്ഞു. 20.84 കോടിപ്പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുദ്രാ വായ്‌പയിൽ കിട്ടാക്കടം വർദ്ധിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയിരുന്നു. 2018-19ൽ 2.86 ശതമാനമായാണ് മുദ്രാ വായ്‌പകളിലെ കിട്ടാക്കടം ഉയർന്നത്. 2017-18ൽ ഇത് 2.52 ശതമാനമായിരുന്നു. തിരിച്ചടവിൽ തുടർച്ചയായി മൂന്നുമാസക്കാലം വീഴ്‌ച വരുമ്പോഴാണ് ഒരു വായ്‌പ കിട്ടാക്കടമായി മാറുന്നത്. സംരംഭകർക്ക് 50,000 രൂപ മുതൽ 10 ലക്ഷം രൂപവരെയാണ് മുദ്രാ വായ്‌പയായി ലഭിക്കുക.

മൊത്തം 46 ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്.സി.ബി) ചേർന്നാണ് 10.24 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്‌പകൾ വിതരണം ചെയ്‌തത്. പഞ്ചാബ് നാഷണൽ ബാങ്കിലാണ് മുദ്രാ വായ്‌പയിലെ കിട്ടാക്കട നിരക്ക് കൂടുതൽ; 8.11 ശതമാനം. എസ്.ബി.ഐയിൽ കിട്ടാക്കടം 2.65 ശതമാനമാണ്. സ്വകാര്യ ബാങ്കുകളിൽ കേരളം ആസ്ഥാനമായുള്ള ധനലക്ഷ്‌മി ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയാണ് മുദ്രാ വായ്‌പയിലെ കിട്ടാക്കടത്തിൽ മുമ്പിൽ. 10 ശതമാനത്തിന് മേലാണ് ഇവയിൽ കിട്ടാക്കടം.