ന്യൂഡൽഹി: നികുതി വരുമാനം പ്രതീക്ഷിച്ചപോലെ വളരാത്ത സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കേന്ദ്രം കടന്നേക്കുമെന്ന് സൂചന. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഏഴു മാസക്കാലയളവിൽ (ഏപ്രിൽ-ഒക്‌ടോബർ) 10.52 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ നികുതി വരുമാനം. മുൻവർഷത്തെ സമാനകാലത്തേക്കാൾ 1.22 ശതമാനം മാത്രമാണ് വർദ്ധന.
2018-19ൽ 20.80 ലക്ഷം കോടി രൂപയായി ആകെ നികുതി വരുമാനം. നടപ്പുവർഷം (2019-20) 18.32 ശതമാനം വളർച്ചയോടെ 24.61 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദ്രലക്ഷ്യം. അതായത്, ഇനിയുള്ള അഞ്ചുമാസക്കാലയളവിൽ 14.24 ലക്ഷം കോടി രൂപ നേടണം. നിലവിലെ സാഹചര്യത്തിൽ, ഈ ലക്ഷ്യം കാണുക സർക്കാരിന് പ്രയാസമാണ്. ജി.എസ്.ടി., കോർപ്പറേറ്റ് നികുതി എന്നിവയിലെല്ലാം ലക്ഷ്യമിട്ടത്ര വരുമാന വളർച്ച നേടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
നടപ്പുവർഷം ജി.എസ്.ടി വരുമാനത്തിൽ 14.96 ശതമാനം വളർച്ചയാണ് സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ, ആദ്യ ഏഴുമാസക്കാലത്തെ വളർച്ച 8.30 ശതമാനം മാത്രം. വ്യക്തിഗത ആദായനികുതി വരുമാന വളർച്ച 6.67 ശതമാനം മാത്രം വളർന്ന് 2.44 ലക്ഷം കോടി രൂപയിലെത്തി. ലക്ഷ്യമിട്ട വളർച്ച 23.25 ശതമാനമാണ്. ഈവർഷം ഇതുവരെ കോർപ്പറേറ്റ് നികുതിയായി 2.73 ലക്ഷം കോടി രൂപ സർക്കാരിന് ലഭിച്ചു. വളർച്ച വെറും 0.88 ശതമാനം.
7.66 ലക്ഷം കോടി രൂപയാണ് ഈവർഷം ആകെ കോർപ്പറേറ്റ് നികുതിയിനത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്. സാമ്പത്തിക വർഷം സമാപിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കേ, ലക്ഷ്യം കാണാൻ സർക്കാരിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. കോർപ്പറേറ്ര് നികുതി അടുത്തിടെ സർക്കാർ 35 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചതും വരുമാനത്തെ ബാധിക്കും.
വരുമാനത്തിന് ബദൽ മാഗങ്ങൾ
നികുതി വരുമാനം പ്രതീക്ഷിച്ചത്ര കൂടാത്ത പശ്‌ചാത്തലത്തിലാണ് ജി.എസ്.ടി നിരക്കുകൾ ഉയർത്താനുള്ള സർക്കാർ നീക്കം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്രൊഴിഞ്ഞും വരുമാനം നേടാൻ സർക്കാർ ശ്രമിക്കുന്നു. ഈയിനത്തിൽ നടപ്പുവർഷം 1.05 ലക്ഷം കോടി രൂപയാണ് ലക്ഷ്യം. റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി 1.76 ലക്ഷം കോടി രൂപയും സർക്കാർ വാങ്ങിയിരുന്നു.