അടൂർ: പ്രേമം നടിച്ച് പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കറ്റാനം ഭരണിക്കാവ് സ്വദേശി കൊയ്പള്ളിൽ പുത്തൻ വീട്ടിൽ നിഖിൽ (20), ഭരണിക്കാവ് മൂന്നാംകുറ്റി മാളിയേക്കൽ വീട്ടിൽ ഹരി നാരായണൻ (22) എന്നിവരാണ് പിടിയിലായത്.
അടൂർ - കായംകുളം റൂട്ടിലെ സ്വകാര്യ ബസുകളിലെ ക്ലീനർമാരാണ് ഇരുവരും. കഴിഞ്ഞ ഏഴിനാണ്
സംഭവം. ബസിൽ വച്ച് പെൺകുട്ടിയുമായി പരിചയപ്പെട്ട നിഖിൽ പ്രണയം നടിച്ച് സ്കൂളിൽ നിന്ന് മടങ്ങവേ പെൺകുട്ടിയെ അടൂർ മൂന്നാംകുറ്റിയിലെ കനാലിന്റെ പുറമ്പോക്കിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഹരി നാരായണന്റെ വീട്ടിലെത്തിച്ചു. രാത്രിയിൽ അവിടെ വച്ചും പീഡിപ്പിച്ചു. പെൺകുട്ടിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെ നിഖിലിന്റെ മാതാവ് ഹരി നാരായണന്റെ വീട്ടിലെത്തി പെൺകുട്ടിയെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നിഖിലിനെ സഹായിച്ചതിനാണ് ഹരിനാരായണനെതിരെ കേസ്. ഇന്ന് കോടതിയിൽ ഹാജരാക്കും.