തിരുവമ്പാടി: വനത്തോടു ചേർന്ന പ്രദേശമായ മുത്തപ്പൻപുഴയിൽ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തി.ഞായറാഴ്ച രാത്രി എട്ടുമണി കഴിഞ്ഞ് തുറക്കൽ ജോജോ എന്ന ആളുടെ വീട്ടിലെത്തിയ മൂന്നു പേരാണ് തങ്ങൾ മാവോയിസ്റ്റുകളാണന്ന് പരിചയപ്പെടുത്തിയത്. ജോജോ, ഭാര്യ, അമ്മ, രണ്ടു കുട്ടികൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച സംഘം ഭക്ഷ്യവസ്തുക്കളുമായി പത്തരയോടെ കാട്ടിലേയ്ക്ക് മടങ്ങി. മലയാളം സംസാരിക്കുന്നവരാണ് എത്തിയതെന്നുംവീട്ടുകാരോട് വിശദമായി സംസാരിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തുവെന്നും വീട്ടുകാർ പറഞ്ഞു.തിരുവമ്പാടി പൊലീസ് അന്വേഷണമാരംഭിച്ചു. രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. സോമൻ, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.മൂന്നാമൻ നന്ദകുമാർ ആണന്ന് സംശയിക്കുന്നു. സംസ്ഥാന സർക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണ് ഇവർ വിതരണം ചെയ്ത കനൽപാത എന്ന ലഘുലേഖ.