ന്യൂഡൽഹി : ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്‍റെ അവതരണത്തിനിടെ ബില്ലിന്റെ പകർപ്പ് ലോക്സഭയിൽ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഒവൈസിയുടെ പ്രതിഷേധം. മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സർക്കാരിന് ചൈനയെ പേടിയാണോ' എന്നും ഒവൈസി പരിഹസിച്ചു.
അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.
''ജനങ്ങളെ വിഭജിക്കുന്ന, നിറത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്ന ദക്ഷിണാഫ്രിക്കയിലെ നാഷണൽ രജിസ്റ്റർ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദത്തിലേക്കെത്തിയത്. ഞാനും ഈ ബില്ല് വലിച്ചു കീറുകയാണ്, മാഡം'', എന്ന് പറഞ്ഞ് ഒവൈസി ബില്ല് രണ്ടായി കീറി.
അതേസമയം ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും ബില്ലവതരണത്തിന് അനുമതി കിട്ടി. ബില്ലവതരണത്തെ അനുകൂലിച്ച് 293 പേർ ലോക്സഭയിൽ വോട്ട് ചെയ്തപ്പോൾ എതിർത്തത് 82 പേരാണ്.