തിരുവനന്തപുരം: തിയേറ്ററിന്റെ വാതിലിൽ നിന്ന് തുടങ്ങുന്ന ഡെലിഗേറ്റുകളുടെ ക്യൂ വളഞ്ഞ് പുളഞ്ഞ് റോഡിന്റെ ഫുട്പാത്തും കടന്നങ്ങനെ പോകുകയാണ്. ചലച്ചിത്രോത്സവത്തിന്റെ നാലാം ദിനമായ ഇന്നലെ ക്യൂവിന്റെ കാര്യത്തിൽ റെക്കാഡ് സൃഷ്ടിച്ച കൈരളി, ശ്രീ, നിള, ടാഗോർ, കലാഭവൻ തിയേറ്ററുകൾക്ക് മുന്നിലെല്ലാം ഇതു തന്നെയായിരുന്നു അവസ്ഥ.
കൈരളിയിൽ രാവിലെ 9ന് പ്രദർശിപ്പിച്ച ദി കേവ്, 11.30ന് പ്രദർശിപ്പിച്ച ഇഷ്ക്, ശ്രീയിൽ 9.15ന് പ്രദർശിപ്പിച്ച സൗത്ത്, 12ന് ടുബാർ വൺ, നിളയിൽ കാണിച്ച ഗ്ലിംപ്സ് ഓഫ് ദി ലൈറ്റ് ഓഫ് ദി ഫയർഫ്ളൈ, നോ ഫാദേഴ്സ് ഇൻ കാശ്മീർ എന്നീ സിനിമകൾ കാണാനുള്ള ക്യൂ നീണ്ട് തമ്പാനൂരിലെ ആട്ടോ സ്റ്റാൻഡ് വരെ എത്തി.
1982, ജാം എന്നീ സിനിമകൾ കാണാനെത്തിയവരാണ് കലാഭവനിൽ കാത്തുനിന്നത്. ടാഗോറിൽ സോറി വി മിസ്ഡ് യു, ആനിമാനി എന്നീ സിനിമകൾക്കുള്ള ക്യൂവും റോഡിലേക്കു നീണ്ടു. ധന്യയിൽ ഉച്ചയ്ക്ക് 12ന് പ്രദർശിപ്പിച്ച ഹ്യൂമറിസ്റ്റിനും ഇതേ സമയം ന്യൂവിൽ പ്രദർശിപ്പിച്ച മിഡ്നൈറ്റ് ഓറഞ്ചിനും തിരക്കു കൂടുതലായിരുന്നു.
കത്തുന്ന വെയിലത്ത് ക്യൂ നിന്നവരിൽ നാല്പതു ശതമാനം പേരും വാതിലിനടുത്ത് എത്തുന്നതിനു മുമ്പു തന്നെ ഹൗസ്ഫുൾ എന്നറിഞ്ഞ് തിരിച്ചു പോകേണ്ടി വന്നു. വലിയൊരു നിരാശയാണ് ഇത് ഡെലിഗേറ്റുകൾക്കുണ്ടാക്കുന്നത്. ആ സമയം മറ്റൊരു സിനിമയ്ക്കു പോകേണ്ട അവസരവും നഷ്ടമാകും. പിന്നെ ചുറ്റിത്തിരിഞ്ഞ് നടക്കുകയേ നിവൃത്തിയുള്ളൂ. സുരക്ഷയുടെ പേരിൽ ഇപ്പോൾ തിയേറ്ററിനുള്ളിൽ തറയിൽ ഇരുന്ന് സിനിമ കാണാൻ അനുവദിക്കാറില്ല. കലാഭവൻ, ടാഗോർ, ന്യൂ-1, ധന്യ, രമ്യ എന്നീ തിയേറ്ററുകൾ മാത്രമാണ് സീറ്റിംഗ് കപ്പാസിറ്റി കൂടുതുള്ളവ. മറ്റുള്ളവയെല്ലാം താരതമ്യേന ചെറിയ തിയേറ്ററുകളാണ്. അതിൽ 40% സീറ്റ് റിസർവ് ചെയ്യപ്പെടും. ശേഷിക്കുന്ന സീറ്റിനു വേണ്ടിയാണ് ക്യൂ നിൽക്കുന്നത്.
തരക്കേടില്ലാത്ത സിനിമകൾക്കെല്ലാം റിസർവേഷൻ തുറന്നാലുടൻ തന്നെ അതു തീർന്നു പോകുന്ന അവസ്ഥയാണെന്ന് ഡെലിഗേറ്റുകൾ പറഞ്ഞു. 11,500 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്തിട്ടുള്ളതെന്നാണ് ചലച്ചിത്ര അക്കാഡമിയുടെ ഔദ്യോഗിക കണക്ക്. രണ്ടായിരിത്തിലേറെ മീഡിയാ പാസുകളും വിതരണം ചെയ്തിട്ടുണ്ട്. പിന്നെ ഗസ്റ്റ് പാസുകളും. 1000 രൂപയാണ് പാസിന് നൽകേണ്ടത്. 30ന് ശേഷം രജിസ്റ്റർ ചെയ്തവർ 1500 രൂപ നൽകേണ്ടി വന്നു.
മികച്ച ചിത്രങ്ങൾ ഡെലിഗേറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ തിരക്കേറുകയാണ്.
പിന്നാമ്പുറത്ത് കേട്ടത് :
പാസിന്റെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ട് ഇത്രയും പാസുകൾ നൽകിയതെന്തിനാണ്?
പാസ് കൂടുതലായി നൽകിയാലല്ലേ പണം കൂടുതൽ കിട്ടൂ. സിനിമ കാണുന്നതൊക്കെ അവരവരുടെ മിടുക്കു പോലിരിക്കും!