തിരുവനന്തപുരം : സിറ്റി പൊലീസിന്റെ ഷാഡോ ടീമിൽ വൻ അഴിച്ചുപണി. ഷാഡോ ടീമിന് ഇനി കേന്ദ്രീകൃത സ്വാഭാവമില്ല. പകരം നഗരത്തിലെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം. ഇതിന്റെ ഭാഗമായി ടീമിലുണ്ടായിരുന്ന 26 പേരെയും കഴിഞ്ഞ ദിവസം സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലേക്ക് മടക്കി അയച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. നേരത്തെ കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു ടീം. ഇനിമുതൽ ഓരോ ടീം അംഗങ്ങളും സ്റ്റേഷൻ ഓഫീസർമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. വർഷങ്ങളായി ഷാഡോയിൽ ജോലിനോക്കുന്നവരുടെ പ്രവർത്തനത്തെ കുറിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഷാഡോ ടീമിനെ വിവിധ സ്റ്റേഷനുകളിലേക്ക് വിന്യസിച്ചത്. ഇനി മുതൽ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യുന്ന ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പ്രധാനമായും ടീമിൽ പ്രവർത്തിച്ചിരുന്ന അംഗങ്ങളുടെ സേവനം ഉപയോഗിക്കും. പ്രമാദമായ കേസുകൾ ഉണ്ടാകുമ്പോൾ മാത്രം സംഘത്തിൽ ചിലരെ ഒന്നിച്ച് അന്വേഷണത്തിന് നിയോഗിക്കും. അഞ്ചുവർഷത്തിലേറെയായി ടീമിൽ പ്രവർത്തിക്കുന്നവരുണ്ട്. നാലുവർഷത്തിന് മുകളിൽ ഒരു യൂണിറ്റിൽ പ്രവർത്തിക്കുന്നവരെ മാറ്റി നിയോഗിക്കണമെന്ന ഡി.ജി.പിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ഷാഡോയിലും അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇവരുടെ സേവനം തുടർന്നും കേസ് അന്വേഷണങ്ങളിൽ ആവശ്യമാണ്. അതിനാലാണ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഇവരുടെ പ്രവർത്തനം മാറ്റിയത്.
എന്നാൽ ഇത്തരമൊരു വികേന്ദ്രീകൃത സംവിധാനം ഫലപ്രദമാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ക്രിമിനൽ കേസുകളിൽ അടിയന്തര ഇടപെടൽ നടത്താൻ ഷാഡോ ടീമിന് കഴിഞ്ഞിരുന്നു. ടീം അംഗങ്ങൾ വിവിധ സ്റ്റേഷനുകളിലേക്ക് മാറിയതോടെ ഇനി അത് സാദ്ധ്യമല്ല. അതിവേഗത്തിൽ സംസ്ഥാനത്തിനു പുറത്ത് പോയി കുറ്റവാളികളെ പിടിക്കാൻ ഉൾപ്പെടെ ഷാഡോ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ ഷാഡോ സംഘങ്ങൾ പുറപ്പെട്ട ചരിത്രമുണ്ട്. എന്നാൽ ഇനിയിപ്പോൾ ഇത്തരം പ്രവർത്തനങ്ങൾ നടക്കില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
2013ൽ മനോജ് എബ്രഹാം സിറ്റി പൊലീസ് കമ്മിഷണറായിരുന്നപ്പോഴാണ് ഷാഡോ ടീം രൂപീകരിച്ചത്. പ്രമാദമായ പല കേസുകളും രഹസ്യമായി അന്വേഷിച്ചിരുന്നത് ഷാഡോ സംഘമാണ്. ബണ്ടിചോർ കേസ്, ഹരിഹരവർമ്മ കേസ്, കോവളത്ത് നടന്ന വിദേശ വനിതയുടെ കൊലപാതകം, വെള്ളയമ്പലം എ.ടി.എം തട്ടിപ്പ്, കഞ്ചാവ് കടത്തൽ തുടങ്ങി നിരവധി കേസുകളുടെ അന്വേഷണത്തിൽ ഷാഡോ നിർണായക പങ്ക് വഹിച്ചിരുന്നു. സൈബർ വിദഗ്ദ്ധരടക്കം ഷാഡോ പൊലീസിലുണ്ടായിരുന്നു.