തിരുവനന്തപുരം: 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിച്ച മായി ഘട്ട്. ക്രൈം നമ്പർ 103-2005" ലേക്ക് മിഴിതുറന്നപ്പോൾ പ്രഭാവതിഅമ്മയുടെ ഓർമ്മകൾ 13 വർഷം പിന്നിലേക്ക് ചാഞ്ഞു. സിനിമയ്ക്കിടെ തന്റെ നേരിയതുമുണ്ടിന്റെ കോന്തലയിൽ അവർ മിഴികൾ അമർത്തിത്തുടച്ചു. പ്രാണനായിരുന്ന മകൻ ഉദയകുമാറിനെ, ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാർ ഉരുട്ടിക്കൊന്ന ക്രൂരതയുടെ ദൃശ്യാവിഷ്കാരമായിരുന്നു നടനും സംവിധായകനും മലയാളിയുമായ ആനന്ദ് മഹാദേവൻ ഒരുക്കിയ ഈ മറാത്തി ചിത്രം.
കലാഭവനിലെ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം വിദേശീയരടക്കമുള്ളവർ വിങ്ങലോടെയാണ് കണ്ടത്. കുറ്റക്കാർക്ക് വധശിക്ഷ വിധിക്കുന്നിടത്ത് സിനിമ അവസാനിച്ചപ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയടി. 2005 സെപ്തംബർ 27നാണ് ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്.
പൊട്ടിത്തെറിക്കാവുന്ന സങ്കടത്തിന്റെ അഗ്നിപർവതത്തെ മനസിൽ കൊണ്ടുനടന്ന പ്രഭാവതിഅമ്മ മകന്റെ ഘാതകർക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാൻ 13 വർഷം പോരാടി. ഈ സംഭവത്തെ മഹാരാഷ്ട്രയിലെ കൃഷ്ണാനദീതീരത്തെ സാംഗ്ളിയിലേക്ക് സംവിധായകൻ പറിച്ചുനടുകയായിരുന്നു. മായിഘട്ട് എന്ന ആ സ്ഥലത്തെ അലക്കുതൊഴിലാളിയായ പ്രഭാമായി പൊലീസുകാരുടെ യൂണിഫോമടക്കം കഴുകി തേച്ചുനൽകിയാണ് ജീവിക്കുന്നത്. അതിനിടെ മകൻ നിഥിനെയും കൂട്ടുകാരനെയും മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പ് മർദ്ദനത്തിൽ മകൻ മരിച്ചു. യഥാർത്ഥ സംഭവത്തിൽ ഉദയകുമാറിനെയും കൂട്ടുകാരനെയും തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് സംശയാസ്പദമായി കണ്ടുവെന്നു പറഞ്ഞ് ഫോർട്ട് പൊലീസ് പിടികൂടുകയായിരുന്നു. ഉദയകുമാറിന്റെ കൈയിൽ അമ്മ നൽകിയ പണം ഉണ്ടായിരുന്നു. അത് കവർന്നതാണെന്ന് മുദ്രകുത്തിയാണ് ലോക്കപ്പിൽ പീഡിപ്പിച്ചത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രഭാവതി മാദ്ധ്യമങ്ങളോട് ഒന്നേപറഞ്ഞുള്ളൂ. ഇനി ഒരമ്മയ്ക്കും തന്റെ മകന്റെ ഗതി വരരുത്. മകന്റെ ഘാതകർക്ക് കൊലക്കയർ വാങ്ങിക്കൊടുക്കുകയെന്നത് എന്റെ ശപഥമായിരുന്നു -അപ്പോഴും കണ്ണുനീർ ഇറ്റുവീഴുന്നുണ്ടായിരുന്നു.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുളള മറാത്തി നടി ഉഷാ ജാദവാണ് പ്രഭാമായിയെ അവതരിപ്പിച്ചത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ സി.പി. സുരേന്ദ്രനും ആനന്ദ് മഹാദേവനും ചേർന്നാണ് തിരക്കഥയൊരുക്കിയത്. എല്ലാ മേളകളിലും മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തെ, കേരളത്തിൽ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്താത്തതിൽ നിരാശ തോന്നിയെന്ന് സംവിധായകൻ പറഞ്ഞു. ഇത് മലയാളത്തിൽ ചെയ്യാനായിരുന്നു താത്പര്യം. എന്നാൽ ഇത്രയും സെൻസേഷണലായ സംഭവത്തിന് നിർമ്മാതാവിനെ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.