ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.ടൈറ്റിലിന്റെ അവ്യക്തതയാണ് ഇതിന് കാരണം.നവാഗതനായ നിതീഷ് സഹദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ഫാല് മി എന്നാണ് പേരിട്ടിരിക്കുന്നത്.അതു കൊണ്ട് തന്നെ സംവിധായകന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസം നിലക്കാത്ത സന്ദേശ പ്രവാഹമായിരുന്നു.എന്താണ് ഫാല് മി കൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു ചോദ്യങ്ങളിൽ അധികവും.
ഒരു ഫാമ് ലി (കുടുംബം)യിൽ നടക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.ഇക്കാരണങ്ങൾ കൊണ്ട് ഒരു കുടുംബത്തിന്റെ അടിത്തറയ്ക്ക് ഉണ്ടാകുന്ന ഇളക്കം സൂചിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാമ് ലിയെ ഫാല് മി എന്നാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
സൈറസ് പ്രൊഡ ക് ഷൻ ഹൗസിന്റെ ബാനറിൽ സംവിധായകൻ ജൂഡ് അന്തോണി ജോസഫും അരവിന്ദ് കുറുപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പൂർണമായും കുടുംബ പശ്ചത്താലത്തിലാണ് ഒരുങ്ങുന്നത്. അതേസമയം ഒറ്റപ്പാലത്ത് ചിത്രീകരണം പുരോഗമിക്കുന്ന അജഗജാന്തരത്തിനു ശേഷം ആന്റണി വർഗീസ് ഫാല് മിയിൽ അഭിനയിക്കും. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആന്റണി വർഗീസ് നായകനായി അഭിനയിച്ച ആനപ്പറമ്പിലെ വേൾഡ് കപ്പ് റിലീസിന് ഒരുങ്ങുകയാണ്.