crime

കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് യുവതിയെ കൊന്ന് കുഴിച്ചു മൂടി. മൂന്ന് മാസം മുമ്പ് കൊച്ചിയിൽ നടന്ന ക്രൂരതയുടെ നേർചിത്രം പുറത്തു വരുന്നത് ഇപ്പോഴാണ്. സംഭവത്തിൽ ഭർത്താവ് പ്രേം കുമാറിനെയും സുഹൃത്ത് സുനിത ബേബിയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രേം കുമാറിന്റെ ഭാര്യയും ചേർത്തല സ്വദേശിനിയുമായ വിദ്യയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. തിരുവനന്തപുരത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരുനെൽവേലിയിൽ കുഴിച്ചിടുകയായിരുന്നു.

ഇതിനു ശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ വിദ്യയെ കാണാനില്ലെന്നു പ്രേംകുമാർ പൊലീസിൽ പരാതി നൽകി. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും. കൊലയ്‌ക്ക് ശേഷം 'ദൃശ്യം' സിനിമയുടെ മോഡലിലാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രേംകുമാർ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ട് ആണ്. ഇരുവരും ചെറുപ്പകാലം മുതൽ തന്നെ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.