vidya-murder-

കൊച്ചി : മൂന്ന് മാസം മുൻപ് കാണാതായ യുവതിയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. മൂന്ന് മാസം മുൻപ് കാണാതായ ചേർത്തല സ്വദേശിയായ വിദ്യയെയാണ് ഭർത്താവും കാമുകിയും ചേർന്ന് ആസൂത്രണത്തോടെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് പേയാടുള്ള വീട്ടിൽ വച്ചാണ് വിദ്യയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

സ്‌കൂൾ റീയൂണിയനിൽ വച്ചാണ് പ്രേംകുമാർ മുൻ സഹപാഠിയായ തിരുവനന്തപുരം സ്വദേശി സുനിതയെ കണ്ടുമുട്ടുന്നത്. റീയൂണിയനു ശേഷം സുനിതയുമായി അടുത്ത പ്രേംകുമാർ ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രപൂർവം പ്രേംകുമാർ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യയ്ക്ക് മദ്യം നൽകിയ ശേഷമാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സമയത്ത് സുനിതയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെനാളായി ഇവിടെ ഭാര്യാ ഭർത്താക്കൻമാരായി പ്രേംകുമാറും സുനിതയും താമസിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡലിൽ മൃതദേഹം ഒളിപ്പിക്കുവാനും തെളിവ് നശിപ്പിക്കുവാനും ഇവർ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മൃതദേഹം തിരുനെൽവേലിയിൽ എത്തിച്ച് ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.
ഇതിനു ശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ വിദ്യയെ കാണാനില്ലെന്നു പ്രേംകുമാർ പൊലീസിൽ പരാതി നൽകി. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നൽകിയതും


പ്രേംകുമാർ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ട് ആണ്. ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.