kaumudy-news-headlines

1. വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കും. അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. നടപടി സ്വാഗതം ചെയ്ത് ബാലഭാസ്‌കറിന്റെ കുടുംബം. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും കേസ് സി.ബി.ഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഇരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറും. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹത ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാറിന്റെ അമിത വേഗം മൂലമുള്ള സ്വാഭാവിക അപകടം ആണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്.


2. ഉദയം പേരൂരില്‍ നിന്ന് കാണാതായ ചേര്‍ത്തല സ്വദേശിനി വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും പെണ്‍ സുഹൃത്തും അറസ്റ്റില്‍. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി പ്രേംകുമാറും പെണ്‍ സുഹൃത്ത് സുനിത ബേബിയും ആണ് അറസ്റ്റിലായത്. സെപ്തംബര്‍ 21ന് ആയിരുന്നു സംഭവം. തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ ഭാര്യ വിദ്യയും ആയെത്തിയ പ്രേംകുമാര്‍ മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലുക ആയിരുന്നു. പെണ്‍ സുഹൃത്ത് സുനിതയുടെ സഹായത്തോടെ മൃതദേഹം രാത്രിതന്നെ കാറില്‍ കൊണ്ടു പോയി തിരുനെല്‍വേലി ദേശീയ പാതക്ക് സമീപം ഉപേക്ഷിച്ചു. തുടര്‍ന്ന് സെപ്തംബര്‍ 23ന് ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ തന്നെ നേരിട്ടെത്തി പൊലീസില്‍ പരാതി നല്‍കി
3. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഇല്ലാതെ ഇരുന്നതിനാല്‍ പാതിവഴിയില്‍ നില്‍ക്കുക ആയിരുന്നു. എന്നാല്‍ പ്രേംകുമാറിന്റെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ക്ക് ഭാര്യയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. പിടിയിലാകും എന്ന് മനസിലായതോടെ ഡിസംബര്‍ ആറിന് പ്രതി വാട്ട്സ് ആപ്പ് ശബ്ദ സന്ദേശത്തിലൂടെ പൊലീസിനോട് കുറ്റസമ്മതം നടത്തുക ആയിരുന്നു. ഇരുവരും തിരുവനന്തപുരത്ത് ഉണ്ടെന്നും പൊലീസിനെ അറിയിച്ചു. സുനിത തിരുവനന്തപുരത്ത് ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്തു വരിക ആയിരുന്നു
4. റോഡരികില്‍ ഉപേക്ഷിച്ച വിദ്യയുടെ മൃതദേഹം അഴുകിയ നിലയില്‍ തിരുനെല്‍വേലി പൊലീസ് കണ്ടെടുക്കുകയും അഞ്ജാത മൃതദേഹം എന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതി തിരുനെല്‍ വേലി പൊലീസ് കൈമാറിയ ചിത്രത്തില്‍ നിന്നും വിദ്യയുടെ മൃതദേഹം തിരിച്ച് അറിഞ്ഞിരുന്നു. പ്രേം കുമാറിനെയും സുനിതയെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇരുവരെയും ഇന്ന് കൊച്ചിയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും
5. സ്ത്രീകള്‍ക്ക് എതിരായ അക്രമം രാജ്യത്ത് ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. ഛത്തീസ്ഗഡില്‍ ഇരുപതുകാരി മാനഭംഗത്തിന് ഇരയായി എന്ന വാര്‍ത്ത ആണ് ഇന്ന് പുറത്തു വന്നത്. പീഡിപ്പിച്ചശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചു. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രി ആയിരുന്നു സംഭവം. സംഭവത്തില്‍ നാല്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയില്‍ ആയ എല്ലാവര്‍ക്കും 19 നും 20നും ഇടയിലാണ് പ്രായം. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടിയെ നാല്‌പേരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുക ആയിരുന്നു. കൂട്ട ബലാത്സംഗത്തിന് ശേഷം പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ഇന്നലെയാണ് യുവതി സംഭവം പുറത്തു പറഞ്ഞത്. സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ നിന്നും രാജ്നന്ദ്ഗാവില്‍ നിന്നുമായാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിനും കൂട്ട ബലാത്സംഗത്തിനും ആണ് പ്രതികള്‍ക്ക് എതിരെ കേസ് എടുത്തത്
6. സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിന്‍വലിക്കുന്നത് ആലോചിക്കാം എന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ജന നന്മയ്ക്ക് ആയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവിന് എതിരെ ജില്ലയിലെ സി.പി.ഐ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നും മന്ത്രി. ഭേദഗതി വന്നതോടെ പട്ടയ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി വേണം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആണ് സര്‍ക്കാരിന്റെ പിന്നോട്ട് പോക്ക്. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇടുക്കി ജില്ലയ്ക്ക് മാത്രമായി ഭൂപതിവ് ചട്ടഭേദഗതി കൊണ്ടുവന്നത്. ആദ്യ ഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍, ഈ ഭേദഗതി മൂന്നാറിലെ എട്ട് പഞ്ചായത്തുകള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഇരുന്നു. എന്നാല്‍ സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്
7. നടന്‍ ഷെയിന്‍ നിഗം വിഷയം രമ്യമായി പരിഹരിക്കണം എന്ന് മന്ത്രി എ.കെ ബാലന്‍. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് മന്ത്രി കത്ത് നല്‍കും. ഫെഫ്ക്കയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അതേസമയം, ഷെയിന്‍ നിഗം വിവാദത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ല എന്ന് പ്രസിഡന്റ് എം.രഞ്ജിത് പറഞ്ഞു. പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുന്‍പും ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി പ്രശ്നങ്ങള്‍ക്ക് ശേഷമെന്നും രഞ്ജിത്ത് . വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താര സംഘടനയായ അമ്മയും ഫെഫ്കയും പിന്മാറി ഇരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമ്പോള്‍ ഷെയിന്‍ മന്ത്രി എ.കെ ബാലനെ കണ്ടതിലും, നിര്‍മാതാക്കള്‍ക്ക് എതിരെയുള്ള പരസ്യ വിമര്‍ശനത്തിലും സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി.