തിരുവനന്തപുരം: കടുത്ത യാഥാസ്ഥിതിക നിലപാടുകൾ മുഖമുദ്രയാക്കിയ മദ്ധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ സ്വവർഗാനുരാഗി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും കഷ്ടപ്പാടുകളുടെയും നേർക്കാഴ്ചയാണ് ജയ്‌റോ ബസ്റ്റമന്റെ സംവിധാനം ചെയ്ത ട്രെമേഴ്സ് (ടെംബ്ളോറെസ്) എന്ന സിനിമ ചർച്ച ചെയ്യുന്നത്. സ്വവർഗാനുരാഗം ഗ്വാട്ടിമാല നിയമവിധേയമാക്കിയിട്ടില്ലാത്തതിനാൽ തന്നെ കടുത്ത കുറ്റമായാണ് അവിടത്തെ ഭരണകൂടം ഇതിനെ കാണുന്നതും.
സമ്പന്നനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ജോലി നോക്കുകയും ചെയ്യുന്ന പാബ്ളോയെന്ന നാൽപതുകാരന്റെ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം സന്തോഷജീവിതം നയിച്ചുവന്ന പാബ്ളോ, ജോലിസ്ഥലത്ത് നിന്ന് കുടുംബത്തിലേക്ക് മടങ്ങിയെത്തി താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നു. എഴുത്തുകാരിയായ മുത്തശിയും പിതാവിനും ഗ്വാട്ടിമാലയിലെ ആദ്യ വനിതാ സംവിധായകയുമായ സഹോദരിയും അടങ്ങുന്ന പാബ്ളോയുടെ കുടുംബം ഇതറിഞ്ഞ് തകർന്നുപോകുന്നു. യാഥാസ്ഥിതിക ഇവാഞ്ചലിക്കൽ വിഭാഗക്കാരായ കുടുംബാംഗങ്ങളെ ദു:ഖത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിൽ തള്ളിയെട്ട പാബ്ളോ സ്വവർഗാനുരാഗ പങ്കാളിക്കൊപ്പം ജീവിതം ആരംഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലേക്കുമാണ് സിനിമ വെളിച്ചം വീശുന്നത്.
ഗ്വാട്ടിമാലയിലെ എൽ.ജി.ബി.ടി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും വൈകാരികവും ബൗദ്ധികവും ശാരീരികവുമായ തലത്തിൽ അവർ അനുഭവിക്കേണ്ടി വരുന്ന യാതനകളും സിനിമി വരച്ചുകാട്ടുന്നു. സ്വവർഗാനുരാഗം വെടിഞ്ഞ് കുടുംബത്തിലേക്ക് തിരിച്ചുവരണോ അതോ എല്ലാം ഉപേക്ഷിച്ച് പുരുഷ പങ്കാളിക്കൊപ്പം ജീവിക്കണോ എന്ന പാബ്ളോയുടെ ധർമ്മസങ്കടാവസ്ഥയും സിനിമയിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്നു.ഗ്വാട്ടിമാലയിൽ സമ്പന്ന സമൂഹത്തിൽപെട്ടവരാണ് സ്വവർഗാനുരാഗികളാകുന്നതെങ്കിൽ പോലും അവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എൽ.ജി.ബി.ടി. സമൂഹത്തെ ലൈംഗികതയ്ക്ക് തീവ്രമായി അടിപ്പെട്ടവരെന്നാണ് അവർ വിശേഷിപ്പിക്കുന്നത് തന്നെ. ഭരണകൂടത്തിന്റെ കടുത്ത യാഥാസ്ഥിതിക വാദത്തെയും സിനിമ ചോദ്യം ചെയ്യുന്ന, സിനിമ സ്വവർഗാനുരാഗികളെ കുടുംബജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ നടത്തുന്ന ദൈവപ്രാർത്ഥനയെയും കണക്കിന് കളിയാക്കുന്നുണ്ട്.