മലയാളസിനിമ കണ്ട മഹാനായ നടനായിരുന്നു തിലകനെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഒരുകാലയളവിൽ തിലകൻ അഭിനയിക്കുന്നതിൽ നിന്നും വിലക്കുന്നതിലേക്ക് മലയാള സിനിമ സംഘടനകൾ എത്തി. താരസംഘടനയായ അമ്മയും തിലകനും തമ്മിലുള്ള തർക്കമായിരുന്നു ഇത്തരം വിവാദങ്ങളിലേക്ക് നയിച്ചത്. സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്‌ണനെതിരെ തിലകൻ തന്നെ രംഗത്ത് വരികയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ, അന്നത്തെ വിവാദങ്ങളിൽ താൻ സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ബി.ഉണ്ണികൃഷ്‌ണൻ. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് തിലകൻ വിവാദത്തെ കുറിച്ചുള്ള ഉണ്ണികൃഷ്‌ണന്റെ പ്രതികരണം.
'ആദ്യമായിട്ടായിരിക്കാം ഒരു ഇന്റർവ്യൂവിൽ ഞാൻ ഇതിനെ കുറിച്ച് സംസാരിക്കുന്നത്. ഫെഫ്‌ക രൂപീകൃതമാകുന്ന സമയത്താണ് താരസംഘടനയായ അമ്മയുമായി തിലകൻ ചേട്ടന് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. അദ്ദേഹം വളരെ വ്യക്തമായി മാക്‌ട ഫെഡറേഷന്റെ പക്ഷത്താണ് നിന്നത്. അന്ന് അദ്ദേഹം മലയാള സിനിമയിലെ മുഴുവൻ സംവിധായകർക്കുമെതിരെ വളരെ വിവാദമായ ഒരു പ്രസ്‌താവന നടത്തി. ഇതിനെ തുടർന്ന് മുതിർന്ന പല സംവിധായകരും എന്നെ ബന്ധപ്പെട്ടിട്ട് ചോദിച്ചു, എന്താണ് ഇതിന് നമ്മൾ പ്രതികരക്കേണ്ടതെന്ന്. ഞങ്ങളുടെ കൂടെയുള്ള സീനിയറായ സംവിധായകർ പറഞ്ഞത് ഇതാണ്, തിലകൻ ചേട്ടൻ വലിയ നടനാണ്. പക്ഷേ ഒരുകാര്യം മനസിലാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞ സംഭാഷണങ്ങൾ അത്രയും നമ്മൾ എഴുതി കൊടുത്തതും നമ്മൾ ഷൂട്ട് ചെയ്‌തതും, നമ്മൾ റീ ടെയ്‌ക്ക് ചെയ്‌തതുമായ കാര്യങ്ങളാണ്. അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാണ്. നിങ്ങൾ ഒരു തൊഴിലാളി സംഘടനയാണ് നടത്തുന്നതെങ്കിൽ ഇതിന് സമാധാനമുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
എന്നിട്ടും ആക്ഷൻ എടുത്തില്ല. പകരം യൂണിയൻ ഭാരവാഹികളുടെയെല്ലാം ജനറൽ കൗൺസിൽ വിളിച്ചു കൂട്ടി. വളരെ വൈകാരികമായിട്ടാണ് 19 യൂണിയനുകളും അതിനോട് പ്രതികരിച്ചത്. തിലകൻ ചേട്ടൻ പ്രസ്‌താവന പിൻവലിക്കുന്നത് വരെ നമ്മൾ അദ്ദേഹത്തോട് സഹകരിക്കില്ല എന്നാണ് അവർ പറഞ്ഞത്. പിന്നീട് തിലകൻ ചേട്ടന്റെ തിരിച്ചു വരവിന് ശരിക്കും കാരണമായ ആള് ഷാജി കൈലാസാണ്. തിലകൻ ചേട്ടൻ ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ട് ഷാജിയാണ് എന്നെ വിളിക്കുന്നത്. നമ്മുടെ തീരുമാനങ്ങൾ നമുക്ക് ഒന്ന് പുനപരിശോധിക്കണം, തിലകൻ ചേട്ടനെ തിരിച്ചെടുക്കണം എന്ന് ഷാജി എന്നോട് പറഞ്ഞു. അങ്ങനെ അവയിലബിൾ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് തിലകൻ ചേട്ടന്റെ വിലക്ക് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്ത് അന്ന് ഇൻഡ്യൻ റുപ്പി പ്ളാൻ ചെയ്യുകയാണ്. ബോംബെയിൽ ഒരു പരിപാടിയിൽ വച്ച് രഞ്ജിത്തും ഇന്നസെന്റ് ചേട്ടനും ഇതേ ആവശ്യം പറയുകയുമായിരുന്നു'- ബി.ഉണ്ണികൃഷ്‌ണന്റെ വാക്കുകൾ.