ഖസാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിൽ തുടരെ തുടരെ, ഒരു സീരിയൽ കില്ലറുടെ ചെയ്‌തിയെന്ന പോലെ കുട്ടികൾ കൊല്ലപ്പെടുന്നു. എന്നാൽ അന്വേഷണോദ്യാഗസ്ഥർ ഈ കൊലപാതകങ്ങൾ തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാത്ത രീതിയിൽ ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നത്. അതിനായി അവർ ഡമ്മി കൊലപാതകിയേയും കണ്ടെത്താറുണ്ട്. അഴിമതിയിൽ മുങ്ങിയ ഒരു സർക്കാർ, പൊലീസ് സംവിധാനത്തിൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ യാതൊരു താല്പര്യവുമില്ല. കൊലകൾക്ക് ഉത്തരവാദിയായ ആളെ ഒളിപ്പിക്കുന്നതിലൂടെ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളിൽ മാത്രമാണ് അവരുടെ കണ്ണ്.
അഴിമതിക്കാരായ പൊലീസുകാരുടെ കൂട്ടത്തിലുള്ള ബെസ്‌കാത്തിനാണ് ഏറ്റവും അവസാനം ഉണ്ടായ കൊലപാതകത്തിന്റെ അന്വേഷണച്ചുമതല. പതിവുപോലെ തന്നെ ഈ കൊലപാതകവും ഏൽക്കാൻ ഒരാളെ ബെസകാത്ത് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൊലപ്പെടുത്തി അതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ പദ്ധതി. എന്നാൽ അവർക്കിടയിലേക്ക് ഒരു പത്രപ്രവർത്തക എത്തുന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിയുന്നു. ജീവൻ വിട്ട കുട്ടിയുടെ ശവശരീരത്തിനരികിലിരുന്നു പോലും നൂഡിൽസ് കഴിക്കുന്ന ബെസ്കാത്ത് മുരടനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. എന്നാൽ അയാൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന നന്മയെ ക്രമേണ അരിയാന എന്ന മാദ്ധ്യമപ്രവർത്തക പുറത്തുകൊണ്ടുവരികയാണ്. അതോടെ കുറ്റവാളിയാക്കപ്പെട്ടയാളോടും അയാളുടെ കൂടെയുള്ള പെൺകുട്ടിയോടും പൊലീസുകാരന് സഹാനുഭൂതി ആരംഭിക്കുന്നു. ഒടുവിൽ കഥയിലെ ഉന്നതനായ ഡാർക്ക് മാനോട് അയാൾ പോരാടാൻ തീരുമാനിക്കുന്നു.
ശരിയും തെറ്റും, ധർമവും അധർമവും തമ്മിലുള്ള സംഘർഷങ്ങളെ കുറിച്ചാണ് ഖസാക്ക്, ഫ്രഞ്ച് പ്രൊഡക്ഷനായ 'എ ഡാർക്ക് ഡാർക്ക് മാൻ' പ്രേക്ഷകരോട് സംവദിക്കുന്നത്. ഒരു മുത്തശ്ശിക്കഥയുടെ സ്വഭാവം ചിലപ്പോഴൊക്കെ ചിത്രത്തിനുണ്ട്. അതേസമയം വളരെ റിയലിസ്റ്റിക്കും ആണ് ഡാർക്ക് മാനിന്റെ കഥനരീതി. സിനിമയുടെ മിനിമലിസ്റ്റിക് സ്വഭാവം എടുത്തു പറയേണ്ടതാണ്.'ലെസ് ഈസ് മോർ' ശൈലി പിന്തുടർന്ന് ചുരുക്കം കാര്യങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ചിത്രത്തിന്റെ സംവിധായകൻ അടിൽഖാൻ യെസർനോവ് തന്റെ കഥ പറഞ്ഞിരിക്കുന്നത്. ഒരു മനോഹരമായ ഫോട്ടോഗ്രാഫി പോലെയാണ് സിനിമയിലെ ഓരോ ഷോട്ടും കമ്പോസ് ചെയ്തിരിക്കുന്നത്.
ഒരു വേളയിൽ മരിച്ച കുട്ടിയുടെ അടുത്തായി കിടക്കുന്ന മഞ്ഞ നിറത്തിലുള്ള ബോൾ നിശബ്ദമായി അവന്റെ ബാല്യത്തെ സൂചിപ്പിക്കുമ്പോൾ, മറ്റൊരു അവസരത്തിൽ കുറ്റാരോപിതൻ വരയ്ക്കുന്ന ഏതാനും ചിത്രങ്ങൾ അയാളുടെ നിരപരാധിത്വത്തെയും. ഇങ്ങനെ നിരവധി സൂചകങ്ങൾ ചിത്രത്തിൽ ഉടനീളം കാണാം. ബ്ലാക്ക് കോമഡി/കുറ്റാന്വേഷക ചിത്രങ്ങളുടെ പട്ടികയിൽ സുപ്രധാനമായ ഒരു സ്ഥാനം 'എ ഡാർക്ക് ഡാർക്ക് മാൻ' അർഹിക്കുന്നു.