വളരെ സരളമായ ജീവിതത്തിലെ കാര്യങ്ങൾ പോലും പലരും വിചിത്രമായി ചെയ്യുന്നു .അവർ ബ്രഹ്മാണ്ഡമാകെ തലയിൽ കൊണ്ടുനടക്കുന്നില്ല. ഒരു നേരം ഭക്ഷിക്കാൻ, കുട്ടികളെ വലുതാക്കാൻ, ഒരു ദിവസം മരിക്കാൻ, അവരതിന് എത്ര ബഹളമാണ് സൃഷ്ടിക്കുന്നത് ! മൃഗങ്ങളും കീടങ്ങളും സസ്യങ്ങളും കോലാഹലങ്ങളില്ലാതെ ഇതെല്ലാം ചെയ്യുന്നുണ്ടെങ്കിലും മനുഷ്യർ ജീവിതത്തിലൂടെ കടന്നു പോകുന്നത് ദാരുണമായാണ്.
സന്തോഷത്തോടെയിരിക്കാൻ മനുഷ്യർക്കറിയില്ല എന്നതല്ല പ്രശ്നം. സന്തോഷത്തെ നിലനിറുത്താനറിയില്ല എന്നതാണ്. ബാഹ്യസാഹചര്യങ്ങൾ നല്ലതായാൽ മനുഷ്യർ സന്തോഷത്തിലാവും. അവ നന്നായില്ലെങ്കിൽ അവർ തകർന്നു പോകുന്നു. നിങ്ങളുടെ ജീവതം ഒരു മുറിയിൽ പരിമിതപ്പെടുത്തിയാൽ തൊണ്ണൂറ് ശതമാനം കാര്യങ്ങളും നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ നടക്കും, പത്ത് ശതമാനം നിയന്ത്രിക്കാനാവില്ല. എന്നാൽ നിങ്ങളുടെ ജീവിതം ലോകമാകെ വികസിപ്പിച്ചാൽ, പത്തുശതമാനം നിങ്ങളുടെ ഇഷ്ടത്തിന് നടക്കും, തൊണ്ണൂറ് ശതമാനം എല്ലായ്പ്പോഴും നിയന്ത്രിക്കാനാവില്ല.
ബാഹ്യസാഹചര്യങ്ങൾ നിങ്ങളുടെ താത്പര്യത്തിനു അനുസരിച്ചല്ലാത്തതിനാൽ നിങ്ങൾ സ്വാഭാവികമായും ജീവിതത്തിന്റെ സാദ്ധ്യതകളെ വെട്ടിക്കുറയ്ക്കുകയാണ്, കാരണം അവ നിങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ബാഹ്യസാഹചര്യം ഒരിക്കലും നൂറ് ശതമാനം നിങ്ങളുടെ ഇഷ്ടത്തിന് നടക്കുകയില്ലെന്ന് അറിയണം. എന്നാൽ കുറഞ്ഞപക്ഷം
നിങ്ങളെങ്കിലും നിങ്ങളുടെ ഇഷ്ടത്തിന് ആയിരുന്നാൽ കുഴപ്പമൊന്നുമുണ്ടാവില്ല. അഥവാ നിങ്ങളുടെ ശരീരവും മനസും വികാരങ്ങളും ഊർജവും നിങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചാൽ, തീർച്ചയായും നിങ്ങൾ സന്തോഷത്തോടെയും ഉല്ലാസത്തോടെയും ആയിരിക്കും. 'ദയവായി ഉല്ലാസത്തെ തിരഞ്ഞെടുക്കൂ, ദുരിതത്തെ തിരഞ്ഞെടുക്കരുത്.' അതിനായി നിങ്ങൾക്ക് വിശുദ്ധഗ്രന്ഥങ്ങളൊന്നും വേണ്ട. എന്നാലിപ്പോൾ നിങ്ങൾക്ക് സ്വന്തം ഇഷ്ടങ്ങളെ തിരഞ്ഞെടുക്കാൻ പോലുമാവുന്നില്ല, കാരണം നിങ്ങളുടെ അടിസ്ഥാന പ്രാപ്തികളായ ശരീരവും മനസും പോലും നിങ്ങളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ, തീർച്ചയായും നിങ്ങൾ ആഹ്ലാദത്തിലായിരിക്കുമായിരുന്നു.
നിങ്ങൾ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നാൽ മാത്രമേ നിങ്ങളുടെ ശരീരവും മനസും ഉത്തമമായി പ്രവർത്തിക്കുകയുള്ളൂ. അതാണ് ലോകത്തിലെ നിങ്ങളുടെ വിജയത്തിന്റെയും സാമർത്ഥ്യത്തിന്റെയും മാനദണ്ഡം. നിങ്ങളുടെ സാമർത്ഥ്യവും ക്ഷമതയും നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ചല്ല നിങ്ങളിലെ സവിശേഷതയിലാണ് കുടികൊള്ളുന്നത്. നിങ്ങളുടെ സവിശേഷതകൾക്ക് വൈകല്യമുണ്ടാകുന്നത് അസന്തുഷ്ടി, നിരാശ, വിഷാദം എന്നിവയിൽ നിന്നാണ്.
സമാധാനത്തിലും ഉല്ലാസത്തിലുമായാൽ നിങ്ങൾക്ക് പ്രശ്നമുണ്ടാവില്ല. അതിന് നിങ്ങൾക്ക് സ്ഥിരതയുള്ള അടിസ്ഥാനമുണ്ടാകണം,അതൊന്നിനെയും ആശ്രയിക്കുന്നില്ല . ഇനി നിങ്ങളുടെ ശരീരവും മനസും നന്നായി പ്രവർത്തിക്കും. ബുദ്ധിമുട്ടുകളില്ലാതെ നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങൾക്ക് സൃഷ്ടിക്കാം.