ലാഹോർ:ലഷ്‌കറെ തയ്‌ബ ഭീകരഗ്രൂപ്പിന്റെ തലവൻ ഹാഫീസ് മുഹമ്മദ് സയീദിന്റെ പുത്രൻ താൽഹ സയീദിന് ബോംബാക്രമണത്തിൽ പരിക്കേറ്റു. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണ് വധശ്രമത്തിന് പിന്നിലെന്ന് ഒരു വിഭാഗം ലഷ്‌കർ നേതാക്കൾ ആരോപിച്ചു. അതേസമയം ലഷ്‌കറിലെ തന്നെ ആഭ്യന്തര ഭിന്നതകളാണെന്നും റിപ്പോർട്ടുണ്ട്. ലഷ്‌കറിന്റെ ഉപമേധാവിയാണ് താൽഹ സയീദ്. ഇയാളെ നഗരത്തിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാഫീസ് സയീദിന്റെ പിൻഗാമിയായി കരുതപ്പെടുന്ന താൽഹ സയീദാണ് സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതിൽ ലഷ്‌കറിന്റെ സീനിയർ നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് വധശ്രമത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
ശനിയാഴ്‌ച വൈകിട്ട് പാകിസ്ഥാനിലെ ലാഹോറിൽ ഒരു റെഫ്രിജറേറ്റർ ഷോറൂമിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ നിന്ന് ഇയാൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഷോറൂമിൽ മതപരമായ ഒരു ചടങ്ങിനിടെ താൽഹ സയീദ് പ്രസംഗിക്കാൻ കാത്തു നിൽക്കുമ്പോഴായിരുന്നു ബോംബ് സ്ഫോടനം.
ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എല്ലാവരും ലഷ്‌കർ അനുഭാവികളാണ്. റഫ്രിജറേറ്ററിൽ ഗ്യാസ് നിറച്ചു കൊണ്ടു നിന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഹാഫീസ് സയീദിനെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കേസിൽ ലാഹോർ കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു സ്ഫോടനം. ലഷ്‌കറിന്റെ സുരക്ഷാ സന്നാഹങ്ങൾ അതീവ ശക്തമാണ്. അത് ലംഘിച്ച് താൽഹയ്‌ക്ക് നേരെ വധശ്രമം നടക്കണമെങ്കിൽ സംഘടനയിൽ കാര്യങ്ങൾ അത്രം പന്തിയല്ലെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ കാര്യങ്ങളിൽ വിദഗ്ദ്ധനായ അയിൽ സിദ്ദിഖ പറയുന്നത്.