റിസർവ് ബാങ്ക് നിർദേശം കേന്ദ്രസർക്കാർ തള്ളിയേക്കും
ന്യൂഡൽഹി: പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന ഈ നിർദേശം പക്ഷേ, കേന്ദ്രം തള്ളിയേക്കുമെന്നാണ് സൂചനകൾ.
ഈ വർഷം തുടർച്ചയായ അഞ്ചുതവണകളിലായി റിസർവ് ബാങ്ക് റിപ്പോനിരക്കും റിവേഴ്‌സ് റിപ്പോയും കുറച്ചിരുന്നു. റിപ്പോ 1.35 ശതമാനം കുറഞ്ഞതിനാൽ ബാങ്കുകൾ വായ്‌പാ പലിശയുടെ അടിസ്ഥാന നിരക്കായ എം.സി.എൽ.ആറും വെട്ടിക്കുറച്ചു. ഇതോടെ, വായ്‌പാ ഡിമാൻഡ് ഉയർന്നു. അതേസമയം, റിവേഴ്‌സ് റിപ്പോ കുറഞ്ഞ പശ്ചാത്തലത്തിൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശയും കുറച്ചിരുന്നു.
ഉദാഹരണത്തിന്, രണ്ട് - മൂന്ന് വർഷ സ്ഥിരനിക്ഷേപങ്ങളുടെ പലിശ എസ്.ബി.ഐ 0.55 ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. പലിശ കുറഞ്ഞതിനാൽ, ബാങ്ക് നിക്ഷേപങ്ങൾ അനാകർഷകമായി.
എന്നാൽ, പലിശ കൂടുതലായതിനാൽ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നല്ല പ്രിയമുണ്ട്. മാത്രമല്ല, നികുതിയിളവുകൾ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും അവശ്യവസ്‌തുക്കളുടെ വിലവർദ്ധനയും നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ച് ജനരോഷമുണ്ടാക്കാൻ സർക്കാരിന് താത്പര്യമില്ലെന്നാണ് സൂചനകൾ. നിലവിൽ, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങൾക്ക് പലിശനിരക്ക് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെയാണ്.
ചെറുകിട സമ്പാദ്യ
പദ്ധതികളും പലിശയും
പോസ്‌റ്ര് ഓഫീസ് : 7.7%*
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം : 8.7%*
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്ര് (എൻ.എസ്.സി) : 7.9%*
പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.9%
കിസാൻ വികാസ് പത്ര : 7.6% (മെച്യൂരിറ്രി കാലാവധി 113 മാസം)
സുകന്യ സമൃദ്ധി : 8.4%
(*നിക്ഷേപ കാലാവധി 5 വർഷം)
എന്തുകൊണ്ട് ഈ
ആവശ്യം?
ഈവർഷം ഇതുവരെ ബാങ്ക് നിക്ഷേപ പലിശ ശരാശരി 0.50 ശതമാനം കുറഞ്ഞു. ഇത് ബാങ്ക് നിക്ഷേപങ്ങളെ അനാകർഷകമാക്കി. ഇനിയും പലിശ കുറച്ചാൽ, ഉപഭോക്താക്കൾ ബാങ്കുകളെ കൈവിട്ട് ഉയർന്ന പലിശ കിട്ടുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് നീങ്ങുമെന്ന് ബാങ്കുകൾ പറയുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ, ഈ തിരിച്ചടി ഒഴിവാക്കാമെന്നാണ് റിസർവ് ബാങ്കിന്റെ വാദം.
ജനുവരി 1, നിർണായകം
ഓരോ ത്രൈമാസത്തിലും കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ പുനഃപരിശോധിക്കാറുണ്ട്. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ പലിശ നിലനിറുത്താനായിരുന്നു തീരുമാനം. അടുത്തയോഗം ജനുവരി ഒന്നിനാണ്. പലിശ നിലനിറുത്താനാണ് സാദ്ധ്യത കൂടുതൽ.