ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക് മീറ്റിന് ഇന്ന് തുടക്കമാകും

സൺഗ്രൂർ: രണ്ട് കബഡി ലോകകപ്പുകൾക്ക് വേദിയായ സൺഗ്രൂറിലെ വാർ ഹീറോ സ്റ്രേഡിയത്തിൽ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്രിക് മീറ്റിന് ഇന്ന് തുടക്കമാകും. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ തിരിച്ചടികൾക്ക് സീനിയേഴ്സിലൂടെ മറുപടി പറഞ്ഞ് ഓവറാൾ കിരീടം നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരളം. 15 വരെ നീളുന്ന മീറ്രിൽ ആകെ നാല്പതു ഫൈനലുകളാണുള്ളത്. ആദ്യ ദിനം നാല് ഇനങ്ങളുടെ ഫലമറിയാം.

35 വീതം അൺകുട്ടികളും പെൺകുട്ടികളുമായി എഴുപതംഗ സംഘമാണ് കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. യൂനം അർജിത്ത്, അഖിൽ സാബു എന്നീ താരങ്ങൾ വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറി. 100,​ 200,​ ലോംഗ് ജമ്പ് എന്നീയിനങ്ങളിലെല്ലാം സംസ്ഥാന മീറ്രിൽ റെക്കാഡോടെ സ്വർണം നേടിയ ആൻസി സോജനുൾപ്പെടെയുള്ള താരങ്ങൾ വാർ ഹീറോ സ്റ്രേഡിയത്തിലും ഹീറോയിസം പുറത്തെടുക്കുമെന്ന് കേരള ക്യാമ്പ് കരുതുന്നു.

തണുപ്പ് കുറയുന്നു,​ പ്രതീക്ഷ കൂടുന്നു

ജൂനിയർ, സബ് ജൂനിയർ താരങ്ങളെ വലച്ചപോലത്തെ കൊടും തണുപ്പ് രണ്ട് ദിവസമായി സൺഗ്രൂറിലില്ല. 21 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പകൽ സൺഗ്രൂറിലെ താപനില. തിങ്കളാഴ്ച രാത്രി ബേസ് ക്യാമ്പായ ബദ്‌റുഖാൻ സ്കൂളിലെത്തിയ ടീം ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നോടെ രജിസ്ട്രേഷനും വാം അപ്പിനുമായി സ്റ്രേഡിയത്തിൽ എത്തി. പേടിച്ച പോലുള്ള തണുപ്പില്ലാത്തതിന്റെ സന്തോഷത്തിലായിരുന്നു ടീം. ഈ കാലവസ്ഥ തന്നെ ഇനിയുള്ള ദിവസങ്ങളിൽ തുടർന്നാൽ കപ്പ് കൈയിൽ തന്നെയിരിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. സബ് ജൂനിയർ-ജൂനിയർ മത്സരങ്ങൾ അവസാനിക്കുമ്പോൾ നാലാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ള ഹരിയാനയേക്കാൾ 27 പോയിന്റ് പിന്നിലാണ് നിലവിലെ ചാമ്പ്യൻമാർ. എന്നാൽ പതിവുപോലെ സീനിയർ താരങ്ങൾ ട്രാക്കിലായാൽ പോയിന്റ് ടേബിളിൽ കുതിച്ചുകയറി ഒന്നാം സ്ഥാനത്തെത്താമെന്ന് കേരളം കണക്കുകൂട്ടുന്നു.

അഭിഷേകും പ്രിസ്‌കില്ലയും ക്യാപ്ടൻമാർ

കോതമംഗലം മാർ ബേസിൽ സ്കൂളിലെ അഭിഷേക് മാത്യുവാണ് കേരള ടീമിന്റെ ക്യാപ്ടൻ. തിരുവനന്തപുരം സായ്‌യിലെ പ്രിസ്കില്ല ഡാനിയേലാണ് വൈസ് ക്യാപ്ടൻ. 800,​ 1500,​4-400 മീറ്റർ റിലേയിലാണ് അഭിഷേക് മത്സരിക്കാനിറങ്ങുന്നത്. 800 മീറ്രറാണ് പ്രിസ്‌കില്ലയുടെ ഇനം.

ആദ്യ ദിനം നാല് ഫൈനലുകൾ

ആദ്യ ദിനം നാല് ഫൈനലുകളാണുള്ളത്. രാവിലെ 9 മണിക്ക് ആൺകുട്ടികളുടെ 3000 മീറ്രർ ഫൈനലോടെയാണ് മീറ്റിന് തുടക്കമാകുന്നത്. വിഷ്ണു ബിജുവും എൻ.വി അമിത്തുമാണ് ഈ ഇനത്തിൽ കേരളത്തിന്റെ പ്രതിനിധികൾ. 9.20ന് തുടങ്ങുന്ന പെൺകുട്ടികളുടെ ഇതേ ഇനത്തിൽ മിന്നു പി. റോയിയും ചാന്ദിനിയും മത്സരിക്കാനിറങ്ങും. 1ന് തുടങ്ങുന്ന ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അലക്സ് ജോസഫും എ.ദിജിത്തും മത്സരിക്കും. 1.30 ന് തുടങ്ങുന്ന പെൺകുട്ടികളുടെ ഹൈജമ്പിൽ മീര ഷിബു, കെ.എച്ച്. സാലിഹ എന്നിവരാണ് കേരളത്തിന്റെ പ്രതിനിധികൾ. 100 മീറ്രർ ഉൾപ്പെടെയുള്ളവയുടെ ഹീറ്റ്‌സും ഇന്ന് നടക്കും.