ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ ഗൊരുക്ക് പോർഡംഗിനെതിരെ അരുണാചൽ പ്രദേശ് സ്വദേശിയായ ഡോക്ടറുടെ മാനഭംഗ പരാതി. ഇക്കഴിഞ്ഞ ഒക്ടോബർ 12 ന് ഔദ്യോഗിക യോഗത്തിനെന്ന പേരിൽ മെഡിക്കൽ ഓഫീസറായ തന്നെ എം.എൽ.എ വിളിച്ചുവരുത്തി മാനഭംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പൊലീസ് എഫ്.ഐ.ആറിൽ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉൾപ്പെടെ കണ്ട് പരാതി നൽകാൻ യുവതി ഡൽഹിയിൽ എത്തിയിട്ടുണ്ട്. സംഭവം നടന്ന അന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. കേസ് എടുത്തെങ്കിലും എഫ്.ഐ.ആറിൽ എം.എൽ.എയ്ക്ക് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടുന്ന വകുപ്പുകളിലാണ്. തന്റെ മൊഴി കൃത്യമായി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും യുവതി ആരോപിച്ചു. എം.എൽ.എയ്ക്കെതിരെ പരാതി നൽകിയാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പൊലീസ് തന്നെ ഉപദേശിച്ചു എന്നും യുവതി പറയുന്നു. കേസിൽ ജാമ്യം കിട്ടിയ എം.എൽ.എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഡൽഹിയിൽ എത്തിയതെന്നും രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു. പണം നൽകി കേസ് പിൻവലിക്കാൻ എം.എൽ.എ ശ്രമിച്ചെന്ന് യുവതിയുടെ ഭർത്താവും ആരോപിച്ചു. കേസ് പിൻവലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് പറയുന്നു. ഭാര്യയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയില്ല. താൻ ബി.ജെ.പിക്കാരനാണ്. പക്ഷേ പാർട്ടിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു.